ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും കിഴക്കൻ ഡൽഹി ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിന്റെ വീട്ടിൽ നിന്ന് കാർ മോഷണം പോയി. ഗൗതം ഗംഭീറിന്റെ പിതാവ് ദീപക് ഗംഭീറിന്റെ ഉടമസ്ഥതയിലുള്ള ടൊയോട്ട ഫോർച്യൂണർ കാറാണ് വ്യാഴാഴ്ച പുലർച്ചെ കാണാതായത്.
വാഹനം ബുധനാഴ്ച ഉച്ചയ്ക്ക് 3.30ഓടെ സെൻട്രൽ ഡൽഹിയിലെ രാജേന്ദ്ര നഗറിലെ വസതിക്ക് മുന്നിൽ നിറുത്തിയിട്ടതാണ്. വ്യാഴാഴ്ച പുലർച്ചെയാണ് കാണാതായത്. സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ദീപകിന്റെ പരാതിയിൽ കേസെടുത്തു. ഫോറൻസിക് സംഘം സ്ഥലത്തുനിന്ന് വിരലടയാളങ്ങളും കാൽപ്പാടുകളും ശേഖരിച്ചു. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.