ന്യൂഡൽഹി : ബിഹാറിലെ മുസഫർപുർ സ്റ്റേഷനിൽ ഭക്ഷണവും വെള്ളവും കിട്ടാതെ യുവതി മരിച്ച സംഭവത്തിൽ ബിഹാർ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. റെയിൽവേ സ്റ്റേഷനിൽ മരിച്ച് കിടക്കുന്ന അർവിന ഖാത്തൂനെ സ്വന്തം കുഞ്ഞ് വിളിച്ചുണർത്തുന്ന കാഴ്ച ഞെട്ടിക്കുന്നതും ദൗർഭാഗ്യകരവുമാണെന്ന് വിഡിയോ കണ്ട ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ അദ്ധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് പറഞ്ഞു. ഭരണഘടനയുടെ 226-ാം അനുച്ഛേദം അനുവദിക്കുന്ന അധികാരം ഉപയോഗിച്ച് കോടതി ഇടപെടേണ്ട വിഷയമാണിത്. ഇതുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. മരിച്ച സ്ത്രീയുടെ പോസ്റ്റ്മോർട്ടം നടന്നിട്ടുണ്ടോ, ഉണ്ടെങ്കിൽ മരണകാരണം എന്തായിരുന്നു?, ശരിക്കും വിശപ്പുകൊണ്ടാണോ മരിച്ചതെന്നും ഹൈക്കോടതി ചോദിച്ചു. അവരുടെ കൂടെയുണ്ടായിരുന്നത് ആരായിരുന്നു?, നിയമപാലകർ എന്തു നടപടിയെടുത്തു?, ആചാരപ്രകാരം മൃതദേഹം സംസ്‌കരിക്കാനുള്ള അവകാശം അവർക്ക് അനുവദിച്ചുകിട്ടിയോ?, അമ്മ മരിച്ച ആ കുഞ്ഞിന്റെ സംരക്ഷണം ആരാണ് ഏറ്റെടുത്തത് തുടങ്ങിയ ചോദ്യങ്ങൾക്കും ബിഹാർ സർക്കാർ ഉത്തരം നൽകണമെന്ന് കോടതി വ്യക്തമാക്കി.