ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി തർക്ക വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്‌താവന തള്ളി വിദേശകാര്യ മന്ത്രാലയം. ഏപ്രിൽ നാലിന് ശേഷം ട്രംപ് വിളിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. അതിനിടെ, ഇന്ത്യയ്ക്ക് പിന്നാലെ ട്രംപിന്റെ മദ്ധ്യസ്ഥതാ വാഗ്‌ദാനം ചൈനയും തള്ളി.
വൈറ്റ് ഹൗസ് ഓവൽ ഓഫീസിലെ വാർത്താ സമ്മേളനത്തിലാണ് ചൈനാ തർക്കം സംബന്ധിച്ച് നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചെന്ന് ട്രംപ് പറഞ്ഞത്.
'130 കോടി വീതം ജനങ്ങളും വൻ സൈനിക ശക്തികളുമായ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം ഗൗരവമുള്ളതാണ്. ഇരു രാജ്യങ്ങളും സന്തുഷ്‌ടരല്ല. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചു. അദ്ദേഹം നീരസത്തിലാണ്. ഇന്ത്യയിലുള്ളവർക്ക് എന്നെ വലിയകാര്യമാണ്. ഇവിടുത്തെ (യു.എസിലെ) മാദ്ധ്യമങ്ങൾ എന്നെ സ്‌നേഹിക്കുന്നതിനെക്കാൾ കൂടുതൽ അടുപ്പം അവർക്കുണ്ട്.' ട്രംപ് പറഞ്ഞു.
എന്നാൽ ഇങ്ങനെയൊരു ഫോൺ സംഭാഷണം നടന്നിട്ടില്ലെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഹൈഡ്രോക്‌സി ക്ളോറോക്വിൻ ഗുളികയുടെ കയറ്റുമതി നിയന്ത്രണം ഒഴിവാക്കണമെന്ന് പറയാൻ ഏപ്രിൽ നാലിനാണ് ഒടുവിൽ ട്രംപ്, മോദിയെ വിളിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ അതിർത്തി തർക്കത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ വേണ്ടെന്ന് ചൈനയും അമേരിക്കയെ അറിയിച്ചു. അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ സുസ്ഥിര സംവിധാനമുണ്ടെന്നും സൈനിക-നയതന്ത്ര തലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അമേരിക്കയുടെ മദ്ധ്യസ്ഥതാ വാഗ്ദാനം തള്ളിക്കൊണ്ട് ഇന്ത്യ വിശദീകരിച്ചിരുന്നു.