ന്യൂഡൽഹി: രാജ്യസഭാ സെക്രട്ടറിയേറ്റ് ഡയറക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പാർലമെന്റ് അനക്‌സിലെ രണ്ടുനിലകൾ അണുവിമുക്തമാക്കാനായി അടച്ചു. മേയ് 28ന് ഇദ്ദേഹം ഓഫീസിലെത്തി ജോലി ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പാർലമെന്റ് കോംപ്ലക്‌സിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്.
മേയ് മൂന്നിന് പാർലമെന്റ് ഓഫീസ് പ്രവർത്തനം പുനരാരംഭിച്ചതിന് ശേഷം മൂന്നുപേർക്ക് കൊവിഡ് ബാധിച്ചിരുന്നു. പാർലമെന്റിലെ ഹൗസ്‌കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. മറ്റൊരാൾ സുരക്ഷാ ജീവനക്കാരനാണ്. ലോക്‌സഭാ സെക്രട്ടറിയേറ്റിലെ ജീവനക്കാരനും കൊവിഡ് ബാധിതനായി. പാർലമെന്റിന് സമീപമുള്ള കൃഷിഭവൻ, ശാസ്ത്രി ഭവൻ, നിതിആയോഗ്,റെയിൽഭവൻ തുടങ്ങിയ സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.