modi

ന്യൂഡൽഹി: കൊവിഡ് ഭീതിയും ലോക്ക് ഡൗണും ഇല്ലായിരുന്നെങ്കിൽ രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികമായ ഇന്ന് ഡൽഹിയിൽ തകർപ്പൻ ആഘോഷങ്ങൾ നടക്കുമായിരുന്നു. എന്നാൽ ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് ആരവങ്ങളുണ്ടാകില്ല. പകരം സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ഡിജിറ്റൽ പ്രചാരണത്തിന്റെ തയ്യാറെടുപ്പാണ് നടക്കുന്നത്.

2014 ലെ ആദ്യ സർക്കാരും 2019 മുതൽ ഈ സർക്കാരും നടപ്പാക്കിയ പരിഷ്‌കാരങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ രാജ്യമെമ്പാടും 500 ഡിജിറ്റൽ റാലികളാണ് നടത്തുന്നത്.കൊവിഡ് കാലം ഒഴിച്ചാൽ വാഗ്‌ദാനങ്ങൾ നിറവേറ്റിയ മികച്ച ഭരണത്തിന്റെ പ്രസന്റേഷനുകളുമായി വീഡിയോ കോൺഫറൻസുകളുമുണ്ടാകും. സ്വാശ്രയ ഇന്ത്യ പദ്ധതി വിവരിക്കുന്ന പ്രധാനമന്ത്രിയുടെ പത്തു കോടി കത്തുകൾ വിതരണം ചെയ്യും. ഇന്ന് വൈകിട്ട് നാലിന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഫേസ്ബുക്ക് ലൈവിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്യും. നാളെ മൻകീ ബാത്തിൽ പ്രധാനമന്ത്രി ഒരു വർഷത്തെ നേട്ടങ്ങൾ വിശദീകരിച്ചേക്കും.

ജമ്മുകാശ‌്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയും പൗരത്വ ഭേദഗതി നിയമം പാസാക്കിയും രാഷ്‌ട്രീയമായി മുന്നേറിയ ബി.ജെ.പിക്ക് അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് സുപ്രീംകോടതി പച്ചക്കൊടി കാട്ടിയതും ഊർജ്ജം നൽകിയിരുന്നു. എന്നാൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളും 53പേരുടെ മരണത്തിൽ കലാശിച്ച ഡൽഹി കലാപവും സർക്കാരിന് കളങ്കമായി. സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളിയായി.

ഇതിനിടെയാണ് കൊവിഡ് വന്നത്. ലോക്ക് ഡൗണിലൂടെ രോഗത്തെ പ്രതിരോധിക്കാൻ കഴിയാതിരുന്നതും പ്രധാനമന്ത്രി പ്രഖ്യാപിച്ച 20ലക്ഷം കോടി രൂപയുടെ പാക്കേജിൽ ധനലഭ്യത കുറഞ്ഞതും പ്രതിപക്ഷം ആയുധമാക്കുമ്പോഴാണ് ഒന്നാം വാർഷികം.