ന്യൂഡൽഹി: ഉത്തർപ്രദേശിൽ കൊവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്നവരുടെ രക്ത സാമ്പിളുകളുമായി കുരങ്ങന്മാർ കടന്നുകളഞ്ഞു. മീററ്റിലാണ് സാമ്പിളുകൾ ലാബ് ടെക്‌നിഷ്യൻ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടെ ലാബ് ടെക്‌നീഷ്യനെ ആക്രമിച്ച് കുരങ്ങൻമാർ രക്ത സാമ്പിളുകൾ കൈക്കലാക്കിയത്. രോഗം സംശയിക്കുന്ന 19പേരുടെ രക്ത സാമ്പിളുകളിൽ മൂന്നെണ്ണം വാനരസംഘം കൊണ്ടുപോയി. താഴെ വീണു പൊട്ടിയ ബാക്കി കിറ്റുകൾ മരത്തിന് സമീപം കണ്ടെത്തി.ഡോക്ടർമാർ വീണ്ടും സാമ്പിളെടുത്ത് പ്രശ്‌നം പരിഹരിച്ചു. അതേസമയം, കുരങ്ങൻമാരുടെ കൈവശം സാമ്പിളുകൾ ഇപ്പോഴുമുള്ളത് ആശങ്കയാവുന്നുണ്ട്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. കുരങ്ങന്മാർ മരച്ചില്ലകളിൽ ഇരുന്ന് സാമ്പിൾ കളക്ഷൻ കിറ്റുകൾ ചവയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിൽ മീററ്റ് മെഡിക്കൽകോളേജ് ചീഫ് സൂപ്രണ്ട് ഡോ. ധീരജ് ബല്യാൻ അന്വേഷണം തുടങ്ങി. വനം വകുപ്പ് അധികൃതരെ ഉടൻ വിവരം അറിയിച്ചുവെങ്കിലും കുരങ്ങന്മാരെ പിടികൂടാൻ അവർ നടപടി സ്വീകരിച്ചിട്ടില്ലെന്നും സംഭവത്തെപ്പറ്റി സൂപ്രണ്ട് പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ പറയുന്നു. മെഡിക്കൽകോളേജിൽ കുരങ്ങന്മാരുടെ കടുത്ത ശല്യമാണുള്ളതെന്നും മുമ്പും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നുംഡോക്ടർമാർ പറയുന്നു.