ന്യൂഡൽഹി: ശ്രമിക് ട്രെയിനിലെ ശുചിമുറിയിൽ കുടിയേറ്റത്തൊഴിലാളിയുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്‌റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ട്രെയിനിലാണ് യു.പിയിലെ ബസ്തി ജില്ലക്കാരനായ മോഹൻ ലാൽ ശർമയുടെ ( 45) മൃതദേഹം കണ്ടെത്തിയത്. ഒരുവട്ടം യാത്ര പൂർത്തിയാക്കി ട്രെയിൻ കോച്ചുകൾ അണു വിമുക്തമാക്കുന്നതിനിടെയാണിത്.
മുംബയിലാണ് മോഹൻ ജോലി ചെയ്തിരുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടമായതോടെ നാട്ടിലേക്ക് ശ്രമിക് ട്രെയിനിൽ മടങ്ങി. മേയ് 23ന് ശർമ്മ ഝാൻസിയിലെത്തി. അതിനു ശേഷം അദ്ദേഹത്തെയും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മറ്റ് അന്യസംസ്ഥാനത്തൊഴിലാളികളെയും ബസ്തിയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഗോരഖ്പൂരിലേക്ക് ട്രെയിൻ കയറാൻ ജില്ലാ ഭരണകൂടം സ്‌റ്റേഷനിലേക്ക് അയച്ചിരുന്നു. ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ട്രെയിനിൽ കണ്ടെത്തുകയായിരുന്നു.
ഝാൻസി പൊലീസ് ഗ്രാമത്തലവനെ വിളിച്ച് വിവരം പറയുമ്പോഴാണ് ശർമ്മ മരിച്ച കാര്യം അറിഞ്ഞതെന്ന് ബന്ധു കനയ്യ ലാൽ ശർമ്മ പറഞ്ഞു. ശർമ്മയുടെ ബാഗിൽ 28,000 രൂപയും ഒരു സോപ്പും കുറച്ചു പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്. കൊവിഡ് ടെസ്റ്റും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ശർമ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് വ്യക്തമാക്കി.