ന്യൂഡൽഹി: കൊവിഡിനെതിരെയുള്ള യുദ്ധം നീണ്ടുനിൽക്കുമെന്നും സർക്കാരിന് പിന്തുണ നൽകി ക്ഷമയോടെ ഒപ്പം നിൽക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ഒന്നാം വാർഷിക സന്ദേശത്തിലാണ് ആഹ്വാനം. ശബ്‌ദരൂപത്തിലും ജനങ്ങൾക്കുള്ള കത്തിന്റെ രൂപത്തിലുമാണ് സന്ദേശം.
ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും പൗരത്വ ഭേദഗതി നിയമം പാസാക്കിയതും അയോദ്ധ്യ ക്ഷേത്ര നിർമ്മാണത്തിനുള്ള തടസം നീങ്ങിയതും സർക്കാരിന്റെ നേട്ടമായി അദ്ദേഹം ഉയർത്തിക്കാട്ടി.
കൊവിഡ് ആക്രമിച്ചപ്പോൾ നമ്മെക്കാൾ വലിയ സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങൾ പോലും പതറി. എന്നാൽ പ്രതിരോധ പ്രവർത്തനത്തിൽ ഇന്ത്യയാണ് മെച്ചം. പക്ഷേ യുദ്ധം വളരെക്കാലം നീളും. ഇപ്പോഴത്തെ അസൗകര്യങ്ങൾ വൻ ദുരന്തമാകരുത്. അതിന് സർക്കാരിന്റെ നിർദ്ദേശങ്ങൾ ഏവരും പാലിക്കണം. ക്ഷമ വേണം. നാം വിജയത്തിലേക്ക് നീങ്ങുകയാണ്. അന്തിമ വിജയത്തിനായി ഒന്നിക്കണം. ഉംപുൻ കൊടുങ്കാറ്റ് വീശിയ ബംഗാളിലെയും ഒഡിഷയിലെയും ജനങ്ങളുടെ മനക്കരുത്ത് രാജ്യത്തിനാകെ പ്രചോദനമാണ്.
ഇന്ത്യയിൽ കൊവിഡ് പടർന്നാൽ ലോകത്തിന് തലവേദനയാകുമെന്നാണ് പലരും കരുതിയത്. അതു മാറ്റി ലോകത്തിന്റെ അംഗീകാരം നേടാൻ കഴിഞ്ഞത് കേന്ദ്രസർക്കാരിന് ജനങ്ങൾ ഒറ്റക്കെട്ടായി നൽകിയ പിന്തുണയിലൂടെയാണ്.
പ്രവാസികൾ, കുടിയേറ്റത്തൊഴിലാളികൾ, ചെറുകിട വ്യവസായികൾ, ഫാക‌്ടറി തൊഴിലാളികൾ തുടങ്ങിയവരുടെ കഷ്‌ടപ്പാടുകൾ പരിഹരിക്കാൻ നടപടികൾ എടുത്തു വരുന്നു.
(ഇന്ത്യ സ്വയം പര്യാപ്തമാകും പേജ് )