11,264
ഒറ്റ ദിനം രോഗമുക്തി, ഇതും റെക്കാഡ്
ന്യൂഡൽഹി: രാജ്യം അഞ്ചാംഘട്ട ലോക്ക് ഡൗണിലേക്ക് കടക്കേ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വൻകുതിപ്പ്. വെള്ളിയാഴ്ച 8105 പേർക്കാണ് രോഗം ബാധിച്ചത്. 269 പേർക്ക് ജീവൻ നഷ്ടമായി. പ്രതിദിന കണക്കിലെ റെക്കാഡ് വർദ്ധനയാണിത്.
അതേസമയം, 24 മണിക്കൂറിനിടെ 11264 പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യമായാണ് പുതിയ രോഗികളെക്കാൾ കൂടുതൽ പേർക്ക് രോഗം ഭേദമാകുന്നത്. രോഗമുക്തി നിരക്ക് 47.40 ശതമാനമായാണ് ഉയർന്നത്. രോഗം ഇരട്ടിയാകുന്ന നിരക്ക് 15.4 ദിവസമായും ഉയർന്നു. മരണ നിരക്ക് 2.86 ശതമാനം.
വിദേശകാര്യ മന്ത്രാലയ
ജീവനക്കാർക്ക് കൊവിഡ്
ഡൽഹിയിൽ വിദേശകാര്യമന്ത്രാലയ ആസ്ഥാനത്തെ രണ്ടു ജീവനക്കാർക്ക് കൊവിഡ്. സെന്റട്രൽ യൂറോപ്പ് ഡിവിഷനിലെയും നിയമവിഭാഗത്തിലെയും ജീവനക്കാരായ ഇവരോട് രണ്ടാഴ്ച വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു.
സി.ആർ.പി.എഫിൽ കമ്മിറ്റി
ക്യാമ്പുകളിൽ കൊവിഡ് പകരുന്നത് തടയാൻ നടപടികളെടുക്കാനായി സി.ആർ.പി.എഫ് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു. ഡൽഹി മയൂർവിഹാറിലെ 31-ാം ബാറ്റാലിയിനിലെ 140 പേർക്ക് ഉൾപ്പെടെ നിരവധി ജവാന്മാർക്ക് കൊവിഡ് ബാധിച്ച പശ്ചാത്തലത്തിലാണിത്.
മഹാരാഷ്ട്രയിൽ തുപ്പലിന് ശിക്ഷ
മഹാരാഷ്ട്രയിൽ പൊതുസ്ഥലത്ത് തുപ്പുന്നതും പുകവലിക്കുന്നതും മറ്റു പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും കുറ്റകരമാക്കി. ലംഘനത്തിന് ആദ്യ തവണ 1000 രൂപയും ഒരു ദിവസ പൊതുസേവനവും ശിക്ഷ. രണ്ടാം തവണ 3000 രൂപയും മൂന്നു ദിവസ പൊതുസേവനവും. വീണ്ടും ആവർത്തിച്ചാൽ പിഴ 5000, 5 ദിവസ പൊതുസേവനം.
മഹാരാഷ്ട്രയിൽ ഇന്നലെ 114 പൊലീസുകാർക്ക് കൊവിഡ് ബാധിച്ചതോടെ ആകെ എണ്ണം 1330 ആയി
താനെയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത 18 പേർക്ക് കൊവിഡ്
43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ അസാമിലെ കൊവിഡ് കേസുകൾ 1100
പശ്ചിമബംഗാളിലെ കൂച്ച്ബിഹാറിൽ മടങ്ങിയെത്തിയ 32 തൊഴിലാളികൾക്ക് കൊവിഡ്
ജീവനക്കാരന് കൊവിഡ്, ഡൽഹി സെക്രട്ടേറിയറ്റ് അണുവിമുക്തമാക്കാൻ അടച്ചു
ജമ്മുകാശ്മീരിൽ പുതിയ 112 രോഗികളിൽ പത്തുപേർ ഗർഭിണികൾ
തമിഴ്‌നാട്ടിലെ പുഴൽ സെൻട്രൽജയിലിൽ 30 തടവുകാർക്ക് കൊവിഡ്