modi

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഒന്നാം വാർഷികത്തിന് ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ നേട്ടങ്ങളുടെ പട്ടികയിൽ ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതും കൊവിഡ് പ്രതിരോധവും ഇടം പിടിച്ചപ്പോൾ ഡൽഹി കലാപത്തിനടക്കം കാരണമായ വിവാദ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മിണ്ടുന്നില്ല.

ജമ്മുകാശ്‌മീരിന് പ്രത്യേക അധികാരം നൽകിയ 370, 35എ വകുപ്പുകൾ റദ്ദാക്കിയതും രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിയതുമാണ് പട്ടികയിലെ വലിയ നേട്ടങ്ങൾ. ജമ്മു കാശ്‌മീരിലെ സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഉറപ്പാക്കി. ഉംപുൻ അടക്കമുള്ള കൊടുങ്കാറ്റുകൾ വീശിയപ്പോൾ നടത്തിയ രക്ഷാപ്രവർത്തനങ്ങളും അമർനാഥ് തീർത്ഥാടനം സുരക്ഷിതമായി പൂർത്തിയാക്കിയതും സംസ്ഥാന സർക്കാരുകൾക്കൊപ്പം കൈക്കൊണ്ട കൊവിഡ് പ്രതിരോധ നടപടികളും വിശദീകരിക്കുന്നുണ്ട്. പ്രതിപക്ഷ പ്രതിഷേധം ഭയന്ന് പൗരത്വ നിയമം തത്ക്കാലം വിട്ടെന്നാണ് സൂചന.