ന്യൂഡൽഹി: കൊവിഡ് തീവ്രമായ മേഖലകളിൽ (കണ്ടെയ്‌ൻമെന്റ് സോൺ) ജൂൺ 30വരെ ലോക്ക് ഡൗൺ തുടരാനും മറ്റിടങ്ങളിൽ മൂന്നു ഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ ഒഴിവാക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. ജൂൺ എട്ടു മുതൽ ആരാധനലായങ്ങളും ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും തുറക്കാം. ഇളവുകൾ കൊവിഡ് വ്യാപനത്തെ ആശ്രയിച്ചിരിക്കും. അതുവരെ നിയന്ത്രണം തുടരും. രാത്രി 9 മുതൽ രാവിലെ അഞ്ചുവരെ പുറത്തിറങ്ങരുത്.
മാർച്ച് മുതലുള്ള നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കാൻ 'അൺ ലോക്ക്-ഒന്ന്' എന്ന പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർഗരേഖ ഇറക്കി. പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് സംസ്ഥാന സർക്കാരുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താം.
ലോക്ക് ഡൗൺ: ജൂൺ 30വരെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ
കണ്ടെയ്‌ൻമെന്റ് സോണുകൾ രേഖപ്പെടുത്തേണ്ടത് ജില്ലാ ഭരണകൂടം
അവശ്യ സേവനങ്ങൾ മാത്രം
ജനങ്ങൾക്ക് യാത്രാ വിലക്ക്
ബഫർ സോണുകൾ
കണ്ടെയ്‌ൻമെന്റ് സോണുകൾക്ക് വെളിയിൽ രോഗ സാദ്ധ്യതയുള്ള പ്രദേശം. ജില്ലാഭരണകൂടത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താം
രാത്രി കർഫ്യൂ: രാത്രി 9 മുതൽ പുലർച്ചെ 5വരെ.
വ്യക്തികൾക്കും ചരക്കുകൾക്കും അന്തർ സംസ്ഥാന യാത്രയ്‌ക്ക് അനുമതി വേണ്ട. നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം
ശ്രമിക് ട്രെയിനുകൾ, ആഭ്യന്തര വിമാന യാത്ര, വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര, വിദേശികളെ ഒഴിപ്പിക്കൽ തുടരും
ഇളവുകൾ :
ഒന്നാം ഘട്ടം: ജൂൺ എട്ടുമുതൽ
ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, സേവന മേഖലകൾ തുറക്കാം (മാർഗരേഖ കേന്ദ്രം പുറത്തിറക്കും)
രണ്ടാം ഘട്ടം: ജൂലായിൽ
സാഹചര്യം അനുസരിച്ച് സ്‌കൂൾ, കോളേജ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവ തുറക്കാം
രക്ഷിതാക്കളുമായും മറ്റും ആലോചിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരുകൾ
സുരക്ഷയ്ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗരേഖ തയ്യാറാക്കും
മൂന്നാം ഘട്ടം: സാഹചര്യം അനുകൂലമെങ്കിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ അന്താരാഷ്‌ട്ര വിമാന സർവീസ്
മെട്രോ ട്രെയിൻ സർവീസ്
സിനിമാ ഹാളുകൾ, ജിംനേഷ്യം, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ, തിയേറ്ററുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ളി ഹാളുകൾ തുടങ്ങിയവ തുറക്കൽ
സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക, വിനോദ, അക്കാഡമിക്, മത ചടങ്ങുകളും കൂട്ടായ്‌മകളും
തുടരുന്ന നിയന്ത്രണങ്ങൾ:
പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കൽ
ആറടി സമൂഹ അകലം പാലിക്കൽ
65 വയസിന് മുകളിൽ പ്രായമുള്ളവർ, ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ, 10വയസിന് താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ വീടുകളിൽ തന്നെ കഴിയണം.
വലിയ കൂട്ടായ്‌മകൾ, സമ്മേളനങ്ങൾ എന്നിവയ്‌ക്ക് വിലക്ക്
വിവാഹത്തിന് പരമാവധി 50 പേർ, മരണത്തിന് പരമാവധി 20പേർ
പൊതുസ്ഥലത്ത് തുപ്പുന്നതിന് പിഴ ശിക്ഷ (പിഴ സംസ്ഥാനങ്ങൾ തീരുമാനിക്കണം)
പൊതു സ്ഥലത്തെ മദ്യപാനം, പുകവലി, മുറുക്കി തുപ്പൽ പാടില്ല
ഓഫീസുകളിലെ തിരക്ക് കുറയ്‌ക്കൽ