ന്യൂഡൽഹി: കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് ഇടതു സ്ഥാനാർത്ഥിയായിരുന്ന കെ.എൻ. ബാലഗോപാൽ നൽകിയ തിരഞ്ഞെടുപ്പു ഹർജി തള്ളിയ ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവച്ചു. അയോഗ്യതയ്ക്ക് തക്കതായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ്ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ്മാരായ എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ച് അപ്പീൽ തള്ളിയത്. വിശ്വാസികളുടെ വോട്ടുനേടാൻ ശബരിമല വിഷയം പ്രചാരണായുധമാക്കിയത് തിരഞ്ഞെടുപ്പ് അഴിമതിയാണെന്ന് ആരോപിച്ചാണ് ബാലഗോപാൽ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഇത് തിരഞ്ഞെടുപ്പ് അഴിമതിയായി കണക്കാക്കാനാകില്ലെന്നും പ്രേമചന്ദ്രന്റെ പ്രസംഗങ്ങൾ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങളായേ കാണാൻ കഴിയൂവെന്നും ഹർജി തള്ളിക്കൊണ്ട് ജനുവരിയിൽ ഹൈക്കോടതി സിംഗിൾബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.