sremik-train
SREMIK TRAIN

 ട്രെയിനിൽ നാലു ദിവസം പഴകിയ മൃതദേഹം

ന്യൂഡൽഹി:കുടിയേറ്റ തൊഴിലാളികൾക്കായി സർവീസ് നടത്തിയ ശ്രമിക് പ്രത്യേക ട്രെയിനുകളിൽ ഇതുവരെ 80 പേർ മരിച്ചതായി റിപ്പോർട്ട്. മേയ് ഒൻപതു മുതൽ 27 വരെ റെയിൽവേ സുരക്ഷാ സേന ശേഖരിച്ച കണക്കിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. അതേസമയം റെയിൽവേ മന്ത്രാലയം മരണസംഖ്യ പുറത്തുവിട്ടിട്ടില്ല.

ചൂടും നിർജലീകരണവും അനുബന്ധ അസുഖങ്ങളും അപകടങ്ങളും കാരണം നാലു മുതൽ 85 വയസുവരെയുള്ളവരാണ് മരിച്ചത്. ഉത്തർപ്രദേശ്, ബീഹാർ എന്നിവടങ്ങളിലേക്കാണ് 80 ശതമാനം ട്രെയിനുകളും സർവീസ് നടത്തിയത്.

അതിനിടെ ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ പോയി ഝാൻസിയിൽ മടങ്ങിയെത്തിയ ശ്രമിക് ട്രെയിനിൽ നിന്ന് നാലു ദിവസം പഴകിയ മൃതദേഹം കണ്ടെടുത്തു. ബസ്തി സ്വദേശിയായ മോഹൻലാൽ ശർമയുടെ (37) മൃതദേഹമാണ് ശുചീകരണത്തിനിടെ ടോയ്ലറ്റിൽ കണ്ടെത്തിയത്.

തൊഴിലാളികളുടെ മരണവാർത്തകൾ പുറത്തുവന്നതോടെ, ഗുരുതര രോഗമുള്ളവരും ഗർഭിണികളും കുട്ടികളും മുതിർന്ന പൗരൻമാരും ശ്രമിക് ട്രെയിനുകളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രറെയിൽവേ മന്ത്രി പീയുഷ് ഗോയൽ കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു.