plane
PLANE

 അന്വേഷണത്തിന് ഉത്തരവ്

ന്യൂഡൽഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ മോസ്‌കോയിലേക്ക് പറന്ന എയർ ഇന്ത്യവിമാനം പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചതോടെ യാത്രാമദ്ധ്യേ തിരിച്ചുവിളിച്ചു. പ്രഥമദൃഷ്ട്യാ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ഡി.ജി.സി.എ അന്വേഷണത്തിന് ഉത്തരവിട്ടു.
ഇന്നലെ രാവിലെ 7ന് ന്യൂഡൽഹിയിൽ നിന്ന് മോസ്‌കോയിലേക്ക് പറന്ന വിമാനം താജിക്കിസ്ഥാന് സമീപം വച്ചാണ് തിരിച്ചുവിളിച്ചത്. ഉച്ചയ്ക്ക് 12.30 ഓടെ ഡൽഹിയിൽ തിരിച്ചെത്തി. വിമാനം പുറപ്പെട്ടശേഷമാണ് പൈലറ്റിന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ആറ് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ നിരീക്ഷണത്തിലാക്കി. വിമാനം അണുവിമുക്തമാക്കി.

വിമാനം പുറപ്പെടും മുമ്പ് പൈലറ്റ് അടക്കം എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി രോഗമില്ലെന്ന് ഉറപ്പാക്കണമെന്ന് കർശന നിർദ്ദേശമുള്ളതാണ്. പൈലറ്റിന് പരിശോധന നടത്തിയെങ്കിലും ഫലം പോസിറ്റീവാണെന്നത് ശ്രദ്ധിക്കാതെയാണ് പറക്കാൻ അനുമതി നൽകിയത്. അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് അധികൃതരുടെ വിശദീകരണം.

ഡൽഹിയിൽ മാത്രം ദിവസേന 200 കൊവിഡ് പരിശോധനകൾ ജീവനക്കാർക്കായി എയർ ഇന്ത്യ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.