ന്യൂഡൽഹി: ദിവസേന ആയിരത്തിലേറെ പുതിയ രോഗികളുണ്ടായതോടെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തിയ ഡൽഹിയിൽ 5 ഹോട്ടലുകളെ കൊവിഡ് ആശുപത്രികളാക്കി മാറ്റാൻ തീരുമാനം. ഓഖ്ല ക്രൗൺ പ്ലാസ, ന്യൂഫ്രണ്ട്‌സ് കോളനിയിലെ ഹോട്ടൽ സൂര്യ, രാജേന്ദ്ര പ്ലേസിലെ ഹോട്ടൽ സിദ്ധാർഥ്, പുസ റോഡിലെ ഹോട്ടൽ ജിവിതേഷ് , സാകേതിലെ ഹോട്ടൽ ഷെരാട്ടൺ എന്നിവയാണ് ഏറ്റെടുത്തത്. സ്വകാര്യ ആശുപത്രികളുമായി ചേർന്നാണ് ഇവിടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 1000 കിടക്കകൾ കൂടി അധികമായി ലഭ്യമാക്കാനാണ് ഈ നീക്കം.
സാകേത് മാക്‌സ് ആശുപത്രി, ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി,ബത്രാ ആശുപത്രി ,ഡോ.ബി.എൽ. കപൂർ ആശുപത്രി,ഗംഗാറാം ആശുപത്രി എന്നിവരാണ് ഇതിനായി സർക്കാരുമായി സഹകരിക്കുന്നത്. ഇതിനു പുറമേ ദീപ്ചന്ത് ബന്ധു, സത്യവതി ഹരീഷ് ചന്ദ്ര, ജി.ടി.ബി ആശുപത്രികൾ കൂടി കൊവിഡ് ചികിത്സയ്ക്കു വേണ്ടി മാത്രമായി മാറ്റി. കൊവിഡ് സെൻററുകളിലെ ബെഡുകളുടെ ലഭ്യതയറിയാൻ തിങ്കളാഴ്ച ആപ്പ് പുറത്തിറക്കാനും ഡൽഹി സർക്കാർ തീരുമാനിച്ചു.
അതേസമയം കൊവിഡ് രോഗികൾക്കായി ആവശ്യത്തിനു സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 2100 കിടക്കകൾ കൊവിഡ് രോഗികൾക്കു വേണ്ടി മാത്രം ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ 6600 കിടക്കകൾ ലഭ്യമാണ്. 2100 എണ്ണത്തിൽ മാത്രമാണ് രോഗികളുള്ളത്. ജൂൺ അഞ്ചോടെ കൊവിഡ് കിടക്കകൾ 9500 ആയി ഉയർത്തും. കഴിഞ്ഞ 15 ദിവസത്തിനിടെ 8500 പുതിയ കൊവിഡ് രോഗികൾ സംസ്ഥാനത്തുണ്ടായെങ്കിലും 500 പേർ മാത്രമാണ് ആശുപത്രികളിലുള്ളതെന്നും കേജ്‌രിവാൾ പറഞ്ഞു.