ന്യൂഡൽഹി:ഡൽഹിയിലെ രണ്ടു പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ മെഡിക്കൽ വിഭാഗം മേധാവികൾക്ക് കൊവിഡ്. സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലൊന്നായ എൽ.എൻ.ജെ.പി ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടറർ ഡോ. സുരേഷ് കുമാറിനാണ് ഇന്നലെ കൊവിഡ് ബാധിച്ചത്. ആർ.എം.എൽ ആശുപത്രിയുടെ ഡീൻ ഡോ. രാജീവ് സൂദിന് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചിരുന്നു.
എൽ.എൻ.ജെ.പിയുടെ മെഡിക്കൽ ഡയറക്ടറായി ഡോ. സുരേഷ് കുമാർ ഈ മാസം 17നാണ് നിയമിതനായത്. വെള്ളിയാഴ്ചയാണ് സാമ്പിൾ ശേഖരിച്ചത്. ഈ ആശുപത്രിയിൽ 607 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. ഇതിൽ 28 പേർ ഐ.സി.യുവിലാണ്.അതിനിടെ ഇന്നലെ ഇവിടത്തെ സീനിയർ ടെക്‌നിക്കൽ സൂപ്പർ വൈസർ കൊവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു മരണം.
ആർ.എം.എല്ലിൻറെ അടൽ ബിഹാരി വാജ്‌പേയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡീനായ ഡോ. രാജീവ് സൂദിന് ഈ മാസം 24നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആർ.എം.എല്ലിലെ കൊവിഡ് ആരോഗ്യപ്രവർത്തകരുടെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ഡോ. രാജീവ് സൂദായിരുന്നു. ഇതുവരെ ഈ ആശുപത്രിയിലെ 30 ജീവനക്കാർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.