# ഇളവുകളിൽ ജാഗ്രത വേണം
ന്യൂഡൽഹി: തൊഴിലാളികളെയും പാവപ്പെട്ടവരെയുമാണ് കൊവിഡ് കാല പ്രതിസന്ധികൾ ഏറ്റവും കൂടുതൽ ബാധിച്ചതെന്നും രാജ്യം അവർക്കൊപ്പമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻ കീ ബാത്തിൽ പറഞ്ഞു.
ജനങ്ങളാണ് കൊവിഡിനെതിരെയുള്ള പോരാട്ടം നയിക്കുന്നത്. ഇളവുകളിലൂടെ പൊതുജീവിതത്തിലേക്ക് രാജ്യം വീണ്ടും ചുവടുവയ്ക്കുമ്പോൾ ജാഗ്രത വേണം. ഇന്ത്യയിലെ ജനസംഖ്യ കൊവിഡ് ഭീഷണിയുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പല ഇരട്ടിയാണ്.ഏറ്റവും കൂടുതൽ കഷ്ടപ്പാട് നേരിടേണ്ടിവന്ന കുടിയേറ്റ തൊഴിലാളികൾക്കായി നിരവധി പദ്ധതികൾ പരിഗണനയിലുണ്ട്. മൈഗ്രേഷൻ കമ്മിഷൻ അവയിലൊന്നാണ്.
ലോക്ക് ഡൗൺകാലത്ത് പ്രകൃതിയിലുണ്ടായ നല്ല മാറ്റങ്ങൾ കാണാതെപോകരുത്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ ഈ മാറ്റങ്ങൾ പ്രേരണയാവണം. പരിസ്ഥിതി ദിനത്തിൽ കുറെ വൃക്ഷങ്ങൾ തീർച്ചയായും നടണം
തൊഴിലാളികളുടെ ശക്തി പ്രയോജനപ്പെടുത്തി രാജ്യം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണ്. ഇറക്കുമതി കുറച്ച് ഇന്ത്യയിൽത്തന്നെ ആഗോള ബ്രാൻഡുകൾ വികസിപ്പിക്കും. യോഗയ്ക്കും ആയുർവേദത്തിനും പ്രോത്സാഹനം നൽകണം.
കൊവിഡ് പ്രതിരോധത്തിൽ ഇവ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയിലാണ് വിദേശരാഷ്ട്രങ്ങൾ. ഇന്ത്യൻ ലാബുകളിലെ വാക്സിൻ പരീക്ഷണവും ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുകയാണ്.
ആയുഷ്മാൻ ഭാരത് വഴി ഒരുകോടിപേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി.
വെട്ടുകിളി ആക്രമണം പ്രതിരോധിക്കാൻ സാദ്ധ്യമായത് ചെയ്യുമെന്നും മോദി പറഞ്ഞു.