ന്യൂഡൽഹി: കൊവിഡ് കുതിച്ചുയരുന്നതിനിടെ ജൂൺ എട്ട് മുതൽ ഘട്ടംഘട്ടമായുള്ള അൺലോക്കിംഗ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചെങ്കിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നാലു സംസ്ഥാനങ്ങൾ ജൂൺ 30 വരെ നീട്ടി. തമിഴ്നാട്, പഞ്ചാബ്, മഹാരാഷ്ട്ര, യു.പി, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് അടച്ചിടൽ നീട്ടിയത്. ബംഗാൾ, മദ്ധ്യപ്രദേശ് എന്നിവ ജൂൺ 15 വരെയും ലോക്ക്ഡൗൺ നീട്ടി.
തമിഴ്നാട്ടിൽ ആരാധനാലയങ്ങൾ അടഞ്ഞുകിടക്കും. മതചടങ്ങുകൾക്കും അനുമതിയില്ല. പൊതുഗതാഗതം ഭാഗികമായി പുനരാരംഭിക്കും. തൊഴിലിടങ്ങളിൽ കൂടുതൽ ജീവനക്കാരെ അനുവദിക്കും. അന്തർസംസ്ഥാന ബസ് , മെട്രോ- സബർബൻ റെയിൽ സർവീസുകളും ഉണ്ടാകില്ല. യു.പിയിൽ ഓഫീസുകൾക്ക് തുറന്ന് പ്രവർത്തിക്കാം. കടകളും മറ്റു വാണിജ്യസ്ഥാപനങ്ങളും ഘട്ടംഘട്ടമായി മാത്രമേ തുറക്കൂ .തെലങ്കാനയിൽ ബസ് സർവീസുകൾ പുനരാരംഭിക്കും. പഞ്ചാബിൽ ആരാധനാലയങ്ങൾ തുറക്കില്ല. മഹാരാഷ്ട്രയിൽ അടച്ചിടൽ തുടരുമെങ്കിലും 'മിഷൻ ബിഗിൻ എഗെയ്ൻ' എന്ന പേരിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ എന്നിവർക്ക് ഇളവുണ്ട്. മുംബയിൽ സ്വകാര്യ ഓഫീസുകളിൽ 10 ശതമാനം ജീവനക്കാരെ അനുവദിക്കും.