കിഴക്കമ്പലം: ശുദ്ധജല ക്ഷാമം പരിഹരിക്കാൻ പട്ടിമറ്റത്ത് ആരംഭിച്ച പദ്ധതി പാഴായി. കുന്നത്തുനാട് പഞ്ചായത്ത് ആറാം വാർഡിലെ മുണ്ടേക്കുളമാണ് മാലിന്യം നിറഞ്ഞ് ഉപയോഗ്യശൂന്യമായത്. മോട്ടറുകളും പമ്പിംഗ് സാമഗ്രികളും തുരുമ്പെടുത്തു. 16 ലക്ഷം മുടക്കിയാണ് പദ്ധതി ആരംഭിച്ചത്. സമീപത്തെ തോടിലൂടെ അഴുക്കുവെള്ളം മുണ്ടേക്കുളത്തിലേക്ക് ഒഴുകിയെത്തുന്നു. ശുദ്ധജല സമൃദ്ധമായ കുളം അധികൃതരുടെ അനാസ്ഥമൂലമാണ് നാശത്തിന്റെ വക്കിലെത്തിയത്.
ലക്ഷ്യം പാളി
കൈതക്കാട്, ഡബിൾപാലം, പൊത്താംകുഴിമല പ്രദേശങ്ങളിലേക്ക് ശുദ്ധജലം പമ്പു ചെയ്തിരുന്നത് മുണ്ടേക്കുളത്തിൽ നിന്നായിരുന്നു. പൊത്താംകുഴി മലയിലെ പാടശേഖര സമിതിക്കാരായിരുന്നു പദ്ധതിയുടെ പ്രധാന ഉപഭോക്താക്കൾ. ഷട്ടറുകളും വെള്ളം ശേഖരിക്കാൻ വലിയ ടാങ്കും സ്ഥാപിച്ചിരുന്നു. വർഷങ്ങൾ പിന്നിട്ടതോടെ മുണ്ടേക്കുളം പദ്ധയിലേയ്ക്ക് തിരിഞ്ഞു നോക്കാൻ പഞ്ചായത്തോ ജനപ്രതിനിധികളോ തയ്യാറായില്ല..ഇതോടെ പദ്ധതി നടത്തിപ്പ് തന്നെ അവതാളത്തിലാവുകയായിരുന്നു.
മാലിന്യത്തോട്
മുണ്ടോകുളത്തിനോട് ചേർന്ന് ഒഴുകുന്ന തോട് പട്ടിമറ്റം ജംഗ്ഷനിലെ മാലിന്യ വാഹിയാണ്. വ്യാപാര സ്ഥാപനങ്ങളിലെ അഴുക്കുവെള്ളം കാനയിലൂടെ ഒഴുകി കുളത്തിലാണ് വന്നു ചേരുന്നത്. ഇതരസംസ്ഥാന തൊഴിലാളി ലേബർ ക്യുമ്പുകളിലെയടക്കം കക്കൂസ് മാലിന്യ കുഴലും ഈ ഓടയിലേയ്ക്കാണ് തുറന്നു വച്ചിരിക്കുന്നത്. പെരുമഴയിൽ കക്കൂസ് മാലിന്യം ഒഴുക്കി കളയുന്നതിന് വേണ്ടിയാണിത്. കനത്ത ദുർഗന്ധവും കൊതുകു ശല്യവും രൂക്ഷമാണ്. കുളത്തിൽ ഇറങ്ങുന്നവർക്ക് ചൊറിച്ചിൽ ഉണ്ടാകുന്ന സംഭവങ്ങളുമുണ്ട്. കുളത്തിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുണ്ടോകുളത്തിൽ നിന്നും വെള്ളം പാടശേഖരത്തിലേക്ക് എത്തിക്കാൻ ചാലുകളുണ്ടാക്കാൻ നാട്ടുകാരിൽ പലരും തയ്യാറായില്ല. ഇതോടെയാണ് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നത്.
എ.പി കുഞ്ഞുമുഹമ്മദ്
പഞ്ചായത്തംഗം
കുന്നത്തുനാട്
മുണ്ടോകുളത്തിൽ നിന്നും പാടശേഖരത്തിലേക്ക് ചാലുണ്ടാക്കാൻ നാട്ടുകാർ സ്ഥലമേറ്റെടുത്ത് നൽകിയാൽ പദ്ധതി പ്രാവർത്തീകമാക്കാം.
കെ.കെ പ്രഭാകരൻ
പഞ്ചായത്ത് പ്രസിഡന്റ്
കുന്നത്തുനാട്