കോലഞ്ചേരി: ലോക്ക് ഡൗൺക്കാലം ഓൺലൈൻ കലാസൃഷ്ടികളുടേത് കൂടിയാണ്.ഷോർട്ട് ഫിലിമുകൾ, ബ്ളോഗുകൾ, കോമഡി സ്കിറ്റുകൾ തുടങ്ങി നിശബ്ദ പ്രബന്ധങ്ങൾവരെ ഇക്കൂട്ടത്തിലുണ്ട്. യൂ ട്യൂബ്, ഫെയ്‌സ് ബുക്ക്, വാട്‌സാപ്പ്,ടിക് ടോക്ക് തുടങ്ങിയവയിലാണ് കലാ വിരുതകളേറെയും അരങ്ങേറുന്നത്.ഒരു കുടുംബത്തിലെ ആളുകളോ അല്ലെങ്കിൽ ഏതാനും സുഹൃത്തുക്കളോ ആണ് മിക്ക സൃഷ്ടികളുടെയും അണിയറയിലുള്ളത്. വ്യത്യസ്തവും കൗതുകകരവുമായ വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്.
# ദേവൂട്ടിയാണ് താരം
ടിക് ടോക്കിലും ഫെയ്സ് ബുക്കിലും ഇതിനോടകം വൈറലായത് കിലുക്കത്തിലെ വട്ടുകേസ് തമ്പുരാട്ടിയായും, ചെമ്മീനിലെ കറുത്തമ്മയായുമായി തകർത്തഭിനിയിക്കുന്ന നെടുമങ്ങാട് ദർശന ഹയർസെക്കൻഡറി സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയായ ദേവൂട്ടിയുടെ വീഡിയോകളാണ്. അമ്മ വിചിത്രയും അച്ഛൻ ആദർശും ചേർന്നാണ് വീഡിയോകൾ എടുക്കുന്നത്. അനുകരിക്കാൻ താല്പര്യമുള്ള കഥാ പാത്രത്തെ സ്വയം തെരഞ്ഞെടുത്താണ് പ്രായത്തെ വെല്ലുന്ന പ്രകടനമായി മിടുക്കി നവ മാദ്ധ്യമങ്ങൾ അടക്കി വാഴുന്നത്. ടിക് ടോക്കിലെ താരമായി മാറിയ ദേവൂട്ടിയ്ക്ക് 1,57,000 ഫോളോവർമാരും 16,68,000 ലൈക്കുമാണ് ഇപ്പോഴുള്ളത്. അഭിനയത്തിനുള്ള മികവും കുസൃതി ചിരിയും ദേവൂട്ടിക്ക് കൂടുതൽ ആരാധകരെ സമ്മാനിച്ചു.രണ്ടു വർഷങ്ങൾക്ക് മുമ്പ് മൂന്നാമത്തെ വയസിലാണ് ദേവൂട്ടി ടിക് ടോക് വീഡിയോകൾ ചെയ്യാൻ ആരംഭിച്ചത്.