mvd
നിരത്തുകളിലും പൊതു ഗതാഗത സംവിധാനങ്ങളിലും, സമൂഹം പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ ബോധവൽക്കരണ വീഡിയോ ഗതാഗതവകുപ്പ് മന്ത്രി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പ്രകാശനം ചെയ്യുന്നു. ട്രാൻസ്‌പോർട്ട് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ട്രാൻസ്പോർട്ട് കമ്മീഷണർ ആർ.ശ്രീലേഖ, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ രാജീവ്‌ പുത്തലത്ത് ആൽബത്തിന്റെ സംവിധായകനും മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടറായുമായ കെ.ജി.ദിലീപ്‌കുമാർ എന്നിവർ സമീപം.

കൊച്ചി: ലോക് ഡൗണിന് ശേഷം കൊവിഡ് സാമൂഹ്യ വ്യാപനത്തിന് ഏറ്റവും സാദ്ധ്യതയുള്ള പൊതു ഗതാഗത സംവിധാനങ്ങളിൽ പാലിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണ വീഡിയോ പുറത്തിറക്കി. ഗതാഗതമന്ത്രി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ആൽബം പ്രകാശനം ചെയ്തു.
ചിറ്റൂർ ഗോപി രചന നിർവ്വഹിച്ച ഗാനത്തിന് സംഗീതം ആർ.എൽ.വി.സുധാകരനും ആലാപനം സുനിൽ പള്ളിപ്പുറവുമാണ്. അവശ്യസാധന വിതരണം, ആംബുലൻസ്, മരുന്ന്, ഭക്ഷണ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ കൂടാതെ ബസ് അടക്കമുള്ള വാഹനങ്ങളിൽ അണുനശീകരണം നടത്തുന്നതടക്കമുള്ള വിപുലമായ തയ്യാറെടുപ്പിലാണ് മോട്ടോർ വാഹന വകുപ്പ്.
പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ എസ്.സി.എം.എസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ സാമൂഹ്യ ബോധവൽക്കരണം ലക്ഷ്യമിട്ട് വകുപ്പ് ഇറക്കുന്ന വീഡിയോ സംവിധാനം നിർവ്വഹിച്ചത് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടറായ കെ.ജി. ദിലീപ് കുമാറാണ്.

നടൻ മമ്മൂട്ടിയുടെ വാക്കുകളോടെ ആരംഭിക്കുന്ന വീഡിയോയിൽ ജനനന്മക്കായി സംസ്ഥാന മോട്ടോർ വാഹനവകുപ്പ് സ്വീകരിച്ച നടപടികളും പുലർത്തേണ്ട കർക്കശമായ ചിട്ടകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഷിനോദ് സഹദേവനാണ് ഏകോപനം. മോട്ടോർ വാഹനവകുപ്പിന്റെ ഫേസ്ബുക്ക് പേജിലും യൂടൂബിലും വീഡിയോ കാണാം.https://youtu.be/20GXh4pg-yM