കോലഞ്ചേരി: ലോക്ക് ഡൗൺ കാലത്ത് ആളെ ഡൗണാക്കി ഓൺ ലൈൻ തട്ടിപ്പുകൾ കൂടുന്നു. കുട്ടികളുടെ ഇഷ്ട ഗെയിമുകളുടെ മറവിലാണ് ഏറെയും.
ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് നമ്പർ, കാലഹരണ തീയതി, പിൻ, ഒ.ടി.പി എന്നിവ പുറത്താരുമായും പങ്കിടരുത്. ഏതെങ്കിലും ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ അത്തരം വിശദാംശങ്ങൾ ആവശ്യമാണ്.
അജ്ഞാത വിലാസങ്ങളിൽ നിന്നുള്ള മെസേജുകളോടോ ഇ മെയിലുകളോടോ പ്രതികരിക്കരുത്. ലിങ്കുകളിൽ ക്ലിക്കുചെയ്യരുത്.
#ഗെയിമുകളിൽ മറഞ്ഞിരിക്കുന്ന തട്ടിപ്പ്
ഫ്രീ ഫയർ എന്ന ഗെയിമിലൂടെ വ്യാപകമായി ഓൺ ലൈൻ തട്ടിപ്പുകൾ നടക്കുന്നതായി പൊലീസ് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. മൊബൈൽ ഫോണിലെ ഇ വാലറ്റ് ആയ പേ ടി.എം വഴി അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടും. ഗെയിമിൽ നിന്നും ഇ വാലറ്റിലേയ്ക്ക് ലിങ്കുകൾ ഉണ്ട് ഇത് കളിയുടെ ശ്രദ്ധയിൽ പണമെടുക്കാനുള്ള അനുവാദം കുട്ടികൾ നൽകും ഇതോടെ അക്കൗണ്ടിൽ നിന്നു പണം ചോരുകയും ചെയ്യും.ഇ വാലറ്റിൽ നിന്ന് പണം മാറ്റാൻ ഒ.ടി.പി വേണ്ട എന്നതാണ് തട്ടിപ്പുകാർക്ക് മറയാകുന്നത്.
#ലിങ്ക് ക്ലിക്കിയാൻ പണി കിട്ടും
വാട്‌സ് ആപ്പ് സന്ദേശത്തിൽ നൽകിയ ലിങ്ക് കണ്ടാൽ ഒറ്റ നോട്ടത്തിൽ യഥാർത്ഥമാണെന്ന് തോന്നും. ക്ലിക്ക് ചെയ്താലെത്തുന്നത് തട്ടിപ്പ് പേജിൽ. വ്യക്തിഗത വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ എട്ടു പേർക്ക് ഈ സന്ദേശം വാട്‌സാപ്പിൽ അയച്ചാൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ എന്നാകും. സുഹൃത്തുക്കളായ എട്ടുപേരെക്കൂടി ഈ കെണിയിലേക്കു പെടുത്താനാണ് ആ പണി. ഇതു കഴിഞ്ഞെത്തുന്ന പേജുകളിൽ നിങ്ങൾ നൽകുന്ന ബാങ്ക് വിവരങ്ങൾ തട്ടിയെടുക്കും. പിന്നെ അക്കൗണ്ടിലെ കാശ് പോയ വഴി അറിയില്ല.
ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ക്രെഡിറ്റ് കാർഡ് പരിധി ഉയർത്താം, ക്രെഡിറ്റ് സ്കോർ അക്കൗണ്ടിൽ പണമാക്കാം എന്നിങ്ങനെയുമുണ്ട് വാഗ്ദാനങ്ങൾ. ബാങ്കുകളുടെ ലോഗോ ഉൾപ്പെടെ ഉപയോഗിച്ച് നിർമിച്ച വ്യാജ ആപ്പുകളാണ് ഇത് .ഇൻസ്റ്റാൾ ചെയ്താലുടൻ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിക്കും. ഇവ നൽകിയാലുടൻ ഇന്റർനെറ്റ് ബാങ്കിംഗ് വിവരങ്ങൾ പാസ്‌വേഡ് അടക്കം ആവശ്യപ്പെടും. ഒടുവിൽ ബാങ്കിന്റെ കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് നേരിട്ടു ബന്ധപ്പെടുമെന്ന അറിയിപ്പ്.