കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആധുനിക പ്ലാന്റ് നിർമിക്കുന്നതിന് യു.കെ ആസ്ഥാനമായ ജി.ജെ ഇക്കോ പവർ കമ്പനിയുമായി ഉണ്ടാക്കിയ കരാർ സംസ്ഥാന സർക്കാർ റദ്ദാക്കി. പ്ലാന്റ് നിർമ്മിക്കുന്നതിന് ആവശ്യമായ സാമ്പത്തിക ഭദ്രത തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതിനാലാണ് കരാർ റദ്ദാക്കിയത്.

ഏഴു വർഷം മുമ്പ് മുൻ മേയർ ടോണി ചമ്മിണിയുടെ സമയത്താണ് ആധുനിക പ്ലാന്റിനെ കുറിച്ചുള്ള ചർച്ച തുടങ്ങിയത്. ഉമ്മൻചാണ്ടി സർക്കാർ പച്ചക്കൊടി കാട്ടി. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതിയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ കമ്പനി പരാജയപ്പെട്ടെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കരാർ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചത്

# ആവശ്യങ്ങൾ പരിധി വിട്ടു

. വായ്പകൾക്ക് സർക്കാർ ജാമ്യം നിൽക്കണം

സ്ഥലത്തിൽ ഉടമസ്ഥാവകാശം

പാട്ടക്കരാറാക്കണം

കരാറിന് വിരുദ്ധമായി

ബ്രഹ്മപുരത്തെ 20 ഏക്കർ സ്ഥലം കമ്പനിക്ക് പാട്ടത്തിന് നൽകി

അതും സമ്മതിച്ചിട്ടും രേഖകൾ ഹാജരാക്കാൻ കമ്പനി തയ്യാറായില്ല.

ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാനതല സമിതിയാണ് കമ്പനിക്ക് വന്ന വീഴ്ചകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. കരാർ ഒപ്പുവെച്ച് 180 ദിവസത്തിനുള്ളിൽ സാമ്പത്തിക ഭദ്രത വ്യക്തമാക്കണമെന്നിരിക്കെ 1400 ദിവസങ്ങൾ കഴിഞ്ഞിട്ടും കമ്പനിക്ക് അതിന് സാധിച്ചില്ലെന്ന് സമിതി വിലയിരുത്തി.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ കരാർ റദ്ദാക്കി ഉത്തരവിറക്കിയത്.

# പുതിയ താത്പര്യപത്രം ക്ഷണിക്കും
കമ്പനിയുമായുള്ള കരാർ റദ്ദ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കൊച്ചി നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനൊപ്പം പദ്ധതിയുടെ നോഡൽ ഏജൻസിയായ കെ.എസ്.‌ഐ.ഡി.സിയോട് പുതിയ താൽപര്യപത്രം ക്ഷണിക്കാനും സർക്കാർ നിർദേശിച്ചു

# തെറ്റിദ്ധാരണ മാറ്റുമെന്ന് കമ്പനി

എന്തോ തെറ്റിദ്ധാരണയെ തുടർന്നാണ് സർക്കാർ തിടുക്കപ്പെട്ട് ഈ തീരുമാനമെടുത്തത്. സർക്കാറും കോർപ്പറേഷൻ അധികൃതരുമായി സംസാരിച്ച് കാര്യങ്ങൾക്ക് വ്യക്തത വരുത്തും. പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ട്. ജി.ജെ.കമ്പനി വക്താവ് പറഞ്ഞു

295 കോടിയുടെ ഈ പദ്ധതിക്ക് ഉമ്മൻചാണ്ടി സർക്കാർ പച്ചക്കൊടി കാട്ടി.