ആലുവ: ജൈവ പച്ചക്കറി കൃഷി കാർഷിക സംസ്‌കാരത്തെ സമൃദ്ധമാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സി.പി.ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സമൃദ്ധി' ജൈവപച്ചക്കറി കൃഷി ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പച്ചക്കറി ഉത്പാദനത്തിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുകയാണ് സർക്കാർ ലക്ഷ്യം.
ഇതിന്റെ തുടർച്ചയായിട്ടാണ് 'സമൃദ്ധി' ജൈവപച്ചക്കറി കൃഷി സംഘടിപ്പിക്കുന്നത്. ജില്ലയിൽ 5000 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ജൈവ പച്ചക്കറി കൃഷി ചെറുകാർഷിക വിപ്ലവമാണെന്നും ഇത് കാർഷിക സംസ്‌കാരത്തെ സമൃദ്ധമാക്കുമെന്നും മന്ത്രി പറഞ്ഞു. സി. അച്യുതമേനോൻ സെന്ററിൽ നടന്ന ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, സിനിമാ നടൻ ഹരിശ്രീ അശോകൻ, സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി. നവകുമാരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, തുടങ്ങിയവർ പങ്കെടുത്തു.
സാർവദേശീയ തൊഴിലാളി ദിനത്തിൽ ജില്ലയിലെ 500 കേന്ദ്രങ്ങളിൽ പദ്ധതിയുടെ ഭാഗമായി ജെെവ പച്ചക്കറി കൃഷിക്ക് തുടക്കമായി.