കൊച്ചി: കൊവിഡ് പോരാട്ടത്തിൽ ഡ്രൈവർമാരുടെ ജോലി ഭാരം കുറയ്ക്കാൻ ജില്ലാ ഭരണകൂടം കണ്ടെത്തിയ മാർഗം ജില്ലാ മെഡിക്കൽ ഓഫീസർ ഇടപെട്ട് അലങ്കോലമാക്കി. കെ.എസ്.ആർ.ടി.സിയിലെ കുറേ ഡ്രൈവർമാർ വലയുകയാണ്.
കൊവിഡ് കൺട്രോൾ റൂമിലേക്കും മറ്റിടങ്ങളിലേക്കും നിയോഗിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ ഒറ്റയടിക്ക് എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതാണ് പ്രശ്നം. മുമ്പ് ഡ്രൈവർമാരുടെ വീടുകൾക്ക് സമീപത്തായിരുന്നു ഡ്യൂട്ടി. പുതിയ ഉത്തരവ് അനുസരിച്ച് ഇവരെല്ലാം ഡ്യൂട്ടിക്ക് ഹാജരാകേണ്ടത് കളമശേരിയിലും ആലുവയിലുമുള്ള ആശുപത്രികളിൽ. യാത്രാസൗകര്യം ലഭ്യമാകാത്തതിനാൽ പലരും അവധിയിലായി.
ജില്ലയിൽ 25 കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെയാണ് കളക്ടർ നിയോഗിച്ചത്. ഒന്നിടവിട്ട ദിനങ്ങളിലായിരുന്നു ഡ്യൂട്ടി. ആംബുലൻസുകളാണ് ഇവർ ഓടിക്കേണ്ടത്.
"തിരുമാറാടിയിൽ നിന്ന് കളമശേരിയിലേക്ക് കൂട്ടുകാരന്റെ ഓട്ടോറിക്ഷയിലായിരുന്നു യാത്ര. ബുദ്ധിമുട്ട് അറിയിച്ചപ്പോൾ പകരം വരാൻ തയ്യാറായ ഒരുപാട് പേരുണ്ടെന്നാണ് മറുപടി കിട്ടിയത്. അതുകൊണ്ട് ഇപ്പോൾ ഡ്യൂട്ടിക്ക് പോകുന്നില്ല."
സുധീഷ് പി വാസു
കെ.എസ്.ആർ.ടി.സി ഡ്രൈവർ
തിരുമാറാടി