ആലുവ: ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലെ കാഷ് കൗണ്ടറുകൾ ഇന്നു മുതൽ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കും. 41 -ാം ദിവസം കൗണ്ടർ പ്രവർത്തനം പുനരാരംഭിക്കുമ്പോൾ തിരക്ക് ഒഴിവാക്കുന്നതിനായി കൺസ്യൂമർ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ പണം അടയ്‌ക്കേണ്ട തീയതി ക്രമീകരിച്ചിട്ടുണ്ട്.കൺസ്യൂമർ നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവർക്ക് ഇന്ന് വൈദ്യുതി ബിൽ അടക്കാം. ഒന്നിൽ അവസാനിക്കുന്നവർ അഞ്ചാം തീയതിയും തുടർന്നുള്ള ദിവസങ്ങളിൽ രണ്ട് മുതൽ ഒമ്പത് വരെയുള്ള നമ്പറിൽ തുടങ്ങുന്നവരും ക്രമപ്രകാരം പണം അടക്കണം. അവസാന അക്കമായ ഒമ്പതിൽ കൺസ്യൂമർ നമ്പർ അവസാനിക്കുന്നവർക്ക് 15 ാം തീയതിയാണ് പണം അടക്കാൻ കഴിയുക. നിശ്ചിത ദിവസം പണം അടയ്ക്കാൻ സാധിക്കാത്ത 0,1,2,3,4 അക്കങ്ങളിൽ അവസാനിക്കുന്ന കൺസൂമർ നമ്പർ ഉള്ളവർക്ക് ഒമ്പതിനും, 5,6,7,8,9 അക്കങ്ങളിൽ അവസാനിക്കുന്ന കൺസൂമർ നമ്പറുകാർക്ക് 16നും അവസരമുണ്ട്.ഒരു ഉപേഭാക്താവിന്റെ പേരിൽ ഒന്നിൽകൂടുതൽ കണക്ഷനുണ്ടെങ്കിൽ അവയിൽ ഏതെങ്കിലും ഒരു കൺസൂമർ നമ്പറിന്റെ അവസാന അക്കത്തിന് അനുവദിച്ചിട്ടുള്ള ദിവസം എല്ലാ ബില്ലുകളുടെയും തുക അടയ്ക്കാം. ഒന്നിൽ കൂടുതൽ ബില്ലുകൾ ഒരുമിച്ചു അടയ്ക്കുന്നവർക്ക് മെയ് 9, 16 ദിവസങ്ങളിൽ അവസരം ഉണ്ടാകും. ലോക്ക് ഡൗൺ കാലയളവിൽ നൽകിയിട്ടുള്ളേതാ, കുടിശിഖയുള്ളതോ ആയ വൈദ്യുതി ബില്ലുകൾക്ക് 16 ാം തീയതി വരെ സർച്ചാർജ്ജ് ഈടാക്കില്ല.
നാളെ മുതൽ 16 വരെ ഓൺലൈൻ മുഖേന ആദ്യമായി വൈദ്യുതി ചാർജ് ഒടുക്കുന്നവർക്ക് അഞ്ച് ശതമാനം ഇളവുണ്ട്. ഒരു ബില്ലിന് പരമാവധി 100 രൂപ വരെയായിരിക്കും ഇളവ്. ഇത് അടുത്ത മാസത്തെ ബില്ലിൽ കുറവ് ചെയ്യും. ലോക്ക് ഡൗൺ കാലയളവിൽ 15 വരെയുള്ള എൽ.ടി ഉപഭോക്താക്കളുടെ ബില്ലുകൾ ശരാശരി ഉപഭോഗം കണക്കാക്കിയാണ് നിശ്ചയിച്ചിട്ടുള്ളത്. സർക്കാർ നിർദ്ദേശിച്ച ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിൽ 16 -ാംതീയതി തുടങ്ങുന്ന വാക്കിംഗ് ഓർഡറിന് അനുസൃതമായി കഴിഞ്ഞ 20 മുതൽ റീഡിംഗ് എടുത്ത് ബില്ലുകൾ നൽകുന്നുണ്ട്. മീറ്റർ റീഡിംഗ് വൈകിയതിനാൽ കൺസംപ്ഷൻ സ്ലാബ് മാറി തുക വർദ്ധിച്ചവരുടെ ബില്ലുകൾ യഥാർത്ഥ ദ്വൈമാസ ഉപഭോഗത്തിനനുസൃതമായ ക്രമപ്പെടുത്തും.