നെടുമ്പാശേരി: നെടുമ്പാശേരി മേഖലയിലെ കച്ചവട സ്ഥാപനങ്ങളിൽ മാസ്‌ക് ധരിക്കാതെ എത്തുന്നവർക്ക് പ്രവേശനമില്ല. മഹാമാരിക്കാലത്ത് ഇത്തരക്കാരുടെ കച്ചവടം വേണ്ടെന്നാണ് വ്യാപാരികളുടെ നിലപാട്. വ്യാപാരി വ്യവസായ ഏകോപന സമിതി നെടുമ്പാശേരി മേഖലകമ്മിറ്റിയാണ് മേഖലയിലെ 17 യൂണിറ്റുകളുടെയും ചെങ്ങമനാട് ജനമൈത്രി പൊലീസിന്റെയും സഹകരണത്തോടെ സമ്പൂർണ മാസ്‌ക് ധരിക്കൽ പദ്ധതി നടപ്പാക്കുന്നത്.
കൊവിഡിനെ പ്രതിരോധിക്കാൻ പൊലീസും, ആരോഗ്യവകുപ്പും സ്വീകരിക്കുന്ന നടപടികൾക്ക് മേഖലയിലെ രണ്ടായിരത്തോളം വ്യാപാരികളുടെയും പിന്തുണയുണ്ട്. മാസ്‌ക് ധരിക്കാത്തവർക്ക് ഉത്പ്പന്നങ്ങൾ നൽകില്ലെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി സ്റ്റിക്കറുകളും വിതരണം ചെയ്യും.
ചെങ്ങമനാട് മർച്ചന്റ്സ് അസോസിയേഷൻ സഹകരണത്തോടെ സംഘടിപ്പിച്ച കാമ്പയിൻ ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.കെ. ജോസി ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളികൾക്കും, ഓട്ടോ ഡ്രൈവർമാർക്കും മാസ്‌കുകൾ വിതരണം ചെയ്തു. മേഖലയിലെ മുഴുവൻ വ്യാപാരികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മാസ്‌കുകൾ വിതരണം ചെയ്യും. മേഖലാ കമ്മിറ്റി പ്രസിഡന്റ് സി.പി. തരിയൻ പദ്ധതി വിശദീകരിച്ചു. ഭാരവാഹികളായ കെ.ബി. സജി, ഷാജി സെബാസ്റ്റ്യൻ, ടി.എസ്. മുരളി, പോൾ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.