കൊച്ചി: പ്ളാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡ് വിലക്ക് ഏർപ്പെടുത്തിയത് മഴക്കാല പൂർവ ശുചീകരണത്തെ ബാധിക്കും. മാലിന്യനീക്കവും സംസ്കരണവും മഴക്കാലത്തിന് മുൻപ് പൂർത്തിയാക്കാൻ കഴിയില്ല. കഴിഞ്ഞ ദിവസമാണ് ബോർഡ് കത്തു നൽകിയത്.

പ്ളാസ്റ്റിക് ഉൾപ്പെടെ ഖരമാലിന്യങ്ങൾ കൊച്ചി അമ്പലമേട്ടിൽ ക്ളീൻ കേരള കമ്പനി ലിമിറ്റഡ് (കെയ്ൽ) ആണ് സംസ്കരിക്കുന്നത്.

# എട്ടു ജില്ലകളിൽ മാലിന്യം പെരുകും

സംസ്ഥാനത്തെ എട്ടു ജില്ലകളിലെ അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ കൊച്ചിയിലെ സ്വകാര്യ കമ്പനിക്കാണ് കരാർ.

തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് ഇവ പ്രത്യേക വാഹനങ്ങളിൽ അമ്പലമേട്ടിലെ പ്ളാന്റിൽ എത്തിക്കുക. ഇവ കട്ടകളാക്കി മണ്ണിട്ട് നികത്തുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കും. ഇതുവഴി ഖരമാലിന്യങ്ങൾ വൻതോതിൽ ഒഴിവാക്കാൻ കഴിഞ്ഞിരുന്നു.

ദിവസങ്ങളായി മാലിന്യ ശേഖരണവും സംസ്കരണവും നിലച്ചു. ലോക്ക് ഡൗൺ കഴിയുന്നതോടെ പ്ളാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുമെന്നും ആശങ്കയുണ്ട്.

# പകർച്ചവ്യാധികൾക്ക് വഴി

മഴക്കാലത്തിന് മുൻപ് ഉൗർജിത ശുചീകരണം പതിവാണ്. അതിനിടെയാണ് ബോർഡിന്റെ നിർദ്ദേശം. ഇതോടെ മാലിന്യം നീക്കാൻ കരാറെടുത്ത കമ്പനി സംഭരണം നിറുത്തി. മാലിന്യങ്ങൾ കുന്നുകൂടിത്തുടങ്ങി. മഴയ്ക്കു മുമ്പ് പ്ളാസ്റ്റിക് സംഭരിച്ച് സംസ്കരിക്കാൻ കഴിഞ്ഞില്ലെങ്കിൽ രോഗങ്ങൾ വ്യാപിക്കാനും കാരണമായേക്കും. ബോർഡിന്റെ നിർദേശം റദ്ദാക്കാൻ കെയ്ൽ അധികൃതർ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

# പ്ളാസ്റ്റിക് നിരോധിച്ചതിനാലെന്ന്

പ്ളാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ച സാഹചര്യത്തിൽ ഇനി അവ സംസ്കരിക്കേണ്ടെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചത്. അപകടകരമായ രാസമാലിന്യങ്ങൾ സംസ്കരിച്ചാൽ മതിയെന്നാണ് ബോർഡ് നൽകിയ കത്തിൽ പറയുന്നത്.