ആലുവ: കുന്നത്തേരിയിൽ പലിശപ്പണം ലഭിക്കാത്തതിന്റെ പേരിൽ അർദ്ധരാത്രിയിൽ വീടിന് നേരെ ആക്രമണം നടത്തിയതായി പരാതി. കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന പുളിമൂട്ടിൽ മുബറാക്കിന്റെ വീടിന് നേരെയാണ് കഴിഞ്ഞദിവസം രാത്രി രണ്ട് മണിയോടെ കല്ലേറുണ്ടായത്. മുബാറക്ക് മാസങ്ങൾക്ക് മുമ്പ് രണ്ട് പേരിൽ നിന്നായി 20,000 രൂപ വായ്പ വാങ്ങിയിരുന്നു. എട്ട് തവണയായി 4,000 രൂപ വീതം മടക്കി നൽകാമെന്നായിരുന്നു വ്യവസ്ഥ. ലോക്ക് ഡൗണിനെ തുടർന്ന് അവസാനത്തെ തവണ മുടങ്ങി. ഇതിന്റെ പേരിൽ വായ്പ നൽകിയവർ മുബാറക്കിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ആക്രമണമെന്ന് സംശയിക്കുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.