പറവൂർ : ദേശീയപാതയിൽ വൺവേ തെറ്റിച്ച ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്നലെ രാവിലെ ആറു മണിയോടെ മൂത്തകുന്നം ലേബർ കവലയ്ക്കു സമീപത്തായിരുന്നു അപകടം. കർണാടക റജിസ്ട്രേഷനുള്ള ലോറിയിൽ സവാള കയറ്റി എറണാകുളത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കോട്ടപ്പുറം പാലം ഇറങ്ങിവന്ന ലോറി കുര്യാപ്പിള്ളി പാലത്തിലൂടെ ലേബർ കവലയിലേക്കു പോകേണ്ടതിനു പകരം ലേബർ കവലയിൽ നിന്ന് മൂത്തകുന്നത്തേക്കുള്ള വൺവേ റോഡിൽ കയറി. വളവിൽവച്ച് എതിർവശത്തുനിന്നു മറ്റൊരു വാഹനം വരുന്നതുകണ്ടു ഡ്രൈവർ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇയാൾക്കു പരിക്കില്ല. വാഹനങ്ങൾ വൺവേ തെറ്റിക്കാതെ കടന്നുപോകുന്നതിന് നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.