പറവൂർ : ലോക്ക് ഡൗൺ കാലത്ത് രോഗികൾക്ക് ആശ്വാസം പകർന്ന് പുനർജനി പദ്ധതിയിൽ സൗജന്യ വാഹന സർവീസ്. ആംബുലൻസ്, കാർ, ഓട്ടോടാക്സി എന്നിയടക്കം എട്ട് വാഹനങ്ങളാണ് രോഗികളുമായി എല്ലാദിവസവും ഓടിക്കൊണ്ടിരിക്കുന്നത്. ഡയാലിസിസ്, കീമോതെറാപ്പി, ഹൃദ്രോഗികൾ തുടങ്ങി തുടർച്ചയായി ആശുപത്രിയിലെത്തി ചികിത്സ നടത്തേണ്ടവർക്കാണ് വി.ഡി. സതീശൻ എം.എൽ.എയുടെ നേതൃത്വത്തിൽ സേവനം ആശ്വാസമേകുന്നത്. പുനർജനിയുടെ വോളണ്ടിയർമാരാണ് വാഹനം ഓടിക്കുന്നത്. മുൻകൂട്ടി വിളിച്ച് ബുക്ക് ചെയ്യുന്നവരെ കൃത്യസമയം പാലിച്ച് വീട്ടിലെത്തി ആശുപത്രിയിലെത്തിക്കുകയും ചികിത്സക്ക് ശേഷം വീട്ടിലെത്തിക്കുകയും ചെയ്യുന്നു. പറവൂർ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ നൂറോളം സർവീസുകൾ നടത്തിക്കഴിഞ്ഞു. ലോക്ക് ഡൗൺ കഴിയുന്നത് വരെ സേവനം തുടരും.