ഫോർട്ടുകൊച്ചി: നാടൻ ചാളക്ക് വില കത്തിക്കയറുന്നു. ഇന്നലെ മാർക്കറ്റ് വില കിലോക്ക് 400 രൂപ.ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തിൽ മീൻ വില ഇനിയും കൂടാനാണ് സാധ്യത. മാർക്കറ്റിൽ കൊണ്ടുവന്ന നാടൻ ചാള മിനിറ്റുകൾ കൊണ്ട് തീർന്നു.എന്നാൽ സമീപത്ത് കരിമീൻ വരെ ഉണ്ടായിട്ടും നാട്ടുകാർക്ക് ചാള മതി.എന്നാൽ വരവ്ചാളക്ക് കിലോക്ക് 200 രൂപയേ ഉള്ളൂ ഇത് ആർക്കും വേണ്ടാത്ത സ്ഥിതിയാണ്. വൻ തോതിൽ എത്തുന്ന ഒമാൻ ചാളക്കും ഡിമാൻഡ് കുറവാണ്.കഴിഞ്ഞ ദിവസം പരമ്പരാഗത വളളക്കാരാണ് കണ്ണമാലിയിൽ നിന്നും ചാള കൊണ്ടുവന്നത്. ലോക്ക് ഡൗൺ ഇളവുകളിൽ യന്ത്രം ഘടിപ്പിച്ച ബോട്ടുകൾക്ക് പരിധി ലംഘിക്കാതെ മൽസ്യബന്ധനത്തിൽ ഏർപ്പെടാമെന്നേ അറിയിപ്പ് ആശ്വാസമായിട്ടുണ്ട് . ഇനി ലോക്ക് ഡൗൺ കഴിയുമ്പോൾ ഉണ്ടാകുന്ന 47 ദിവസത്തെ ട്രോളിംഗ് നിരോധനം മത്സ്യതൊഴിലാളികൾക്ക് മറ്റൊരു വിലക്കായി മാറും..ഇതിനോടകം തന്നെ സംസ്ഥാനത്തെ നാലായിരത്തോളം മത്സ്യതൊഴിലാളികളിൽ പലരും സ്വന്തം നാടുകളിലേക്കും പച്ചക്കറി, പലചരക്ക് വ്യാപാരത്തിലേക്കും മാറി.