കൊച്ചി : ഒൗദ്യോഗികമായി പേരുമാറ്റിയ വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ രേഖകളിൽ മാറ്റം വരുത്താതെ തടസം നിൽക്കാൻ സി.ബി.എസ്.ഇക്ക് കഴിയില്ലെന്ന് ഹൈക്കോടതി. എറണാകുളം സ്വദേശിയായ വിദ്യാർത്ഥിനി ഗസറ്റിൽ പ്രസിദ്ധീകരിച്ച് പേരുമാറ്റിയിട്ടും സി.ബി.എസ്.ഇ അധികൃതർ രേഖകളിൽ മാറ്റം വരുത്താൻ തയ്യാറാകുന്നില്ലെന്നാരോപിച്ച് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി. കുട്ടിയുടെ പേര് മാറ്റിയതിന്റെ എല്ലാ രേഖകളും ഹാജരാക്കിയാൽ വിദ്യാഭ്യാസ രേഖകളിലും പേരു മാറ്റിനൽകാൻ സി.ബി.എസ്.ഇക്ക് ബാദ്ധ്യതയുണ്ടെന്നും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.

2017 നവംബർ മൂന്നിനാണ് വിദ്യാർത്ഥിനിയുടെ പേരുമാറ്റിയ വിവരം ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് വില്ലേജ് ഒാഫീസിലെ രേഖകളിലും ആധാർ, പാസ്പോർട്ട് തുടങ്ങിയവയിലും മാറ്റം വരുത്തി. സ്കൂൾ രജിസ്റ്ററിൽ മാറ്റം വരുത്തിയെങ്കിലും 2018 ലെ പത്താംക്ളാസ് സർട്ടിഫിക്കറ്റിൽ മാറ്റം വരുത്താൻ സി.ബി.എസ്.ഇ തയ്യാറായില്ല. പത്താം ക്ളാസിലെ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞതിനാൽ പേരുമാറ്റൽ അനുവദിക്കാനാവില്ലെന്നായിരുന്നു സി.ബി.എസ്. ഇയുടെ നിലപാട്. ഇതിനെതിരെയാണ് വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചത്. ഒൗദ്യോഗികമായി പേര് മാറ്റിയിട്ടും സി.ബി.എസ്.ഇ രേഖകളിൽ പഴയ പേരു നിലനിൽക്കുന്നത് വിദ്യാർത്ഥിനിയുടെ ഭാവിയെ ബാധിക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് തിരുത്തൽ വരുത്താൻ നിർദ്ദേശിച്ചത്.