ആലുവ: ജില്ലയിൽ മൂന്നിടത്ത് നിന്നായി 8500 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെക്കൂടി റൂറൽ ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ തായിക്കാട്ടുകര ദാറുസലാമിന് സമീപം തെരുവിൽ വീട്ടീൽ അബ്ദുൽ ജലീൽ (52), ആലുവ എടയപ്പുറം മാടവന വീട്ടിൽ ബാനൂർ (37) എന്നിവരാണ് പിടിയിലായത്.
ആലുവയിൽ ഗോഡൗണിൽ നിന്ന് 5883 ലിറ്റർ സ്പിരിറ്റ് ശേഖരം കണ്ടെത്തുന്നതിന് മുമ്പായി നൂറ് ലിറ്റർ സ്പിരിറ്റ് കാലടി മറ്റൂർ മരോട്ടിച്ചോടിൽ നിന്നും 2495 ലിറ്റർ സ്പിരിറ്റ് ചോറ്റാനിക്കരയിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. കാലടി കേസിൽ നൂറ് ലിറ്റർ സ്പിരിറ്റും കൂടാതെ 38 ലിറ്റർ വ്യാജമദ്യവും അഞ്ച് പ്രതികളെയും ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിരുന്നു. ചോറ്റാനിക്കര കേസിലും രണ്ട് പേർ പിടിയിലായിരുന്നു. രണ്ട് കേസുകളിലും പിടിയിലായവരിൽ നിന്നാണ് അശോകപുരത്തെ സ്പിരിറ്റ് ഗോഡൗൺ പൊലീസ് കണ്ടെത്തിയത്. കാലടി കേസിന്റെ തുടരന്വേഷണത്തിലാണ് ആലുവയിൽ നിന്ന് പുതുതായി രണ്ടുപേർ കൂടി പിടിയിലായത്.
# സ്പിരിറ്റ് കടത്തിന് ഉപയോഗിച്ചത് പ്രതിയുടെ മെഡിക്കൽ ഷോപ്പിന്റെ ലൈസൻസ്
തായിക്കാട്ടുകര കമ്പനിപ്പടിയിൽ നാജിയ മെഡിക്കൽസ് ഉടമയായ പ്രതി അബ്ദുൽജലീന്റെ പേരിലുള്ള ഡ്രഗ്‌സ് കൺട്രോൾ ലൈസൻസിന്റെ മറവിലാണ് ഗോഡൗൺ ഉടമയായ എറണാകുളം സ്വദേശി മൻസൂർ അലി ഗോവയിൽ നിന്നും സ്പിരിറ്റ് എത്തിച്ചിരുന്നത്. ജലീലിൽ നിന്ന് ഡ്രഗ്‌സ് കൺട്രോൾ ലൈസൻസ് ബാനൂർ മുഖേനയാണ് മൻസൂറിന് ലഭിക്കുന്നത്.
ഇരുവരും കോൺഗ്രസിന്റെ സജീവ പ്രവർത്തകരായിരുന്നു. തായിക്കാട്ടുകര ദാറുൽസലാമിൽ തന്നെയായിരുന്നു ബാനൂരിന്റെയും വീട്. കുറച്ചുനാൾ മുമ്പാണ് എടയപ്പുറത്തേക്ക് താമസം മാറ്റിയത്. ലോക്ക് ഡൗണായതിനാൽ സാനിറ്റൈസർ നിർമ്മാണത്തിന്റെ മറവിലായിരുന്നു വ്യാജമദ്യം നിർമ്മിച്ചുള്ള വില്പന. ലൈസൻസ് പ്രകാരം 35 ലക്ഷം രൂപയുടെ സ്പിരിറ്റ് ആലുവയിൽ എത്തിച്ചിരുന്നു.
റൂറൽ എസ്.പി. കെ. കാർത്തികിന്റെ നിർദ്ദേശാനുസരണം അഡീഷണൽ എസ്.പി. എം.ജെ. സോജന്റെ മേൽനോട്ടത്തിൽ കാലടി എസ്.എച്ച്.ഒ. എം.ബി. ലത്തീഫ്, പെരുമ്പാവൂർ എസ്.എച്ച്.ഒ. റിൻസ്.എം. തോമസ്, കാലടി എസ്.ഐ സ്റ്റെപ്റ്റോ ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.