• അന്യസംസ്ഥാനക്കാർ മടങ്ങിത്തുടങ്ങി

കൊച്ചി: ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികൾ പ്രത്യേക ട്രെയിനുകളിൽ നാടുകളിലേക്ക് മടങ്ങി തുടങ്ങി. വെള്ളി, ശനി ദിവസങ്ങളിലായി എറണാകുളത്ത് നിന്ന് 3500 ഓളം തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്രതിരിച്ചത്. ആദ്യ ദിവസം ആലുവയിൽ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിൽ സ്ത്രീകളും കുട്ടികളുമടക്കം 1140 പേർ മടങ്ങി.

ഇന്നലെ വൈകിട്ട് എറണാകുളം നോർത്തിൽ നിന്ന് ബീഹാറിലെ പാറ്റ്‌നയിലേക്കും ആലുവയിൽ നിന്ന് ഒഡീഷയിലേക്കും പുറപ്പെട്ട ട്രെയിനുകളിലായി 2280 ഓളം പേരും യാത്രയായി. ആ

ദ്യദിവസം ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, അങ്കമാലി തുടങ്ങിയ മേഖലയിൽ നിന്നുള്ളവരുമായി പുറപ്പെട്ട ട്രെയിൻ ഞായറാഴ്ച രാവിലെ ഭുവനേശ്വറിൽ എത്തും.
ആരോഗ്യ പരിശോധന പൂർത്തിയാക്കി തിരിച്ചറിയൽ രേഖകൾ ഉറപ്പാക്കി ഇവരെ ബസുകളിലാണ് റെയിൽവെ സ്റ്റേഷനുകളിൽ എത്തിച്ചത്. വെള്ളിയാഴ്ച പുറപ്പെട്ടവരെ യാത്രക്കാൻ ആലുവ റെയിൽവെ സ്റ്റേഷനിൽ മന്ത്രി വി.എസ്.സുനിൽകുമാർ, കളക്ടർ എസ്.സുഹാസ്, കൊച്ചി സിറ്റി ഡി.സി.പി ജി.പൂങ്കുഴലി, എറണാകുളം റൂറൽ പൊലീസ് മേധാവി കെ.കാർത്തിക്, അൻവർസാദത്ത് എം.എൽ.എ തുടങ്ങിയവർ എത്തിയിരുന്നു. ലോക്ക് ഡൗൺ കഴിഞ്ഞാൽ മടങ്ങിയെത്തണം എന്ന ആഗ്രഹവുമായാണ് തങ്ങൾ പോകുന്നതെന്ന് തൊഴിലാളികൾ മന്ത്രിയോട് പറഞ്ഞു. മരുന്നുകളും ഭക്ഷണക്കിറ്റുകളും കുടിവെള്ളവും നൽകിയാണ് ജില്ല ഭരണകൂടം അവരെ യാത്രയാക്കിയത്. ട്രെയിനുകളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സി.ആർ.പി.എഫ് സംഘവും ഇവർക്കൊപ്പമുണ്ട്.ആദ്യ ദിവസം വൈകിട്ട് ഏഴ് മണിക്ക് പുറപ്പെടാൻ തീരുമാനിച്ച ട്രെയിൻ പത്തോടെയാണ് സ്റ്റേഷൻവിട്ടത്