കോലഞ്ചേരി: കുപ്പി കിട്ടാനുണ്ടോ കുപ്പി....കുടിക്കാനല്ല. വരയ്ക്കാനാണ്. കൊവിഡ് പ്രതിരോധ പാശ്ചത്തലത്തിൽ നിരവധി പേരുടെ വിനോദമാണ് ബോട്ടിൽ ആർട്ട്. ഇതോടെ കുപ്പിയില്ലാത്ത ഈ കാലത്ത് ഒഴിഞ്ഞ മദ്യകുപ്പികൾക്ക് ആവശ്യക്കാരേറി.പാഴ്വസ്തുക്കൾ വില്ക്കുന്ന കടകൾ അടഞ്ഞുകിടക്കുന്നതിനാൽ കുപ്പികൾ കിട്ടാനില്ല. ഇപ്പോൾ വീടിന്റെ പരിസരങ്ങളിൽനിന്നും അയൽപക്കത്തു നിന്നുമാണ് കുപ്പികൾ ശേഖരിക്കുന്നത്. ലോക്ക് ഡൗണിനു മുമ്പ് രഹസ്യ കേന്ദ്രങ്ങളിൽ മദ്യപാനം പതിവാക്കിയ പകൽ മാന്യന്മാരും ഇതോടെ രക്ഷപ്പെട്ടു. നേരത്തെ കുപ്പി കളയാൻ തൊളിലാളികളുടെ സേവനം തേടിയിരുന്ന ഇവരെ അന്വേഷിച്ച് കണ്ടെത്തിയാണ് വർക്കിനായി കുപ്പി ശേഖരിക്കുന്നത്. നേരം പോക്കിനു തുടങ്ങിയതാണ് പത്താം ക്ലാസുകാരി അജു മരിയ ബെന്നി. അടുത്ത ബന്ധുക്കൾക്കാണ് ആദ്യം വരച്ചു നല്കിയത്. പിന്നീട് സുഹൃത്തുക്കൾക്ക് കൈമാറി. ഇപ്പോൾ അവർ വഴി പലരും ചോദിച്ചെത്തുന്ന സന്തോഷത്തിലാണ് ബ്രഹ്മപുരം തുരുത്തിയിൽ ബെന്നി സാലി ദമ്പതിമാരുടെ മകളായ അജു.നിരവധി പേർ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജ് വഴി തങ്ങളുടെ ബോട്ടിൽ ആർട്ടുകളെ പരിചയപ്പെടുത്തുന്നുമുണ്ട്.
#ബോട്ടിൽ ആർട്ട്
കുപ്പികൾ വൃത്തിയാക്കി ഉണക്കിയെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്നാണ് ആർട്ട് വർക്ക്. ചണവും,നൂലുകളും ആർട്ടിഫിഷ്യൽ പൂവുകളും, ഉണക്കിയെടുത്ത പൂവുകളും മറ്റ് അലങ്കാര വസ്തുക്കളും കുപ്പിയിൽ ചേർത്ത് ആകർഷകമായാണ് ബോട്ടിൽ ആർട്ട് പൂർത്തിയാക്കുന്നത്.