നെടുമ്പാശേരി: സംസ്ഥാനത്തിന്റെ വികസനത്തിൽ വലിയ പങ്ക് വഹിച്ച പ്രവാസികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള വിമാനയാത്രാ ചെലവ് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്നും തിരികെയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ അനുയോജ്യമായ സാമ്പത്തിക പാക്കേജ് നടപ്പിലാക്കണമെന്നും കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുന്നിൽ മോൻസ് ജോസഫ് എം.എൽ.എ, നേതാക്കളായ ജോയി എബ്രഹാം, ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കേരള കോൺഗ്രസ് (എം) ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എം.എൽ.എ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, സി.പി. ജോൺ, ജി. ദേവരാജൻ, എന്നിവർ വീഡിയോകോളിലൂടെ അഭിവാദ്യമർപ്പിച്ചു.
യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ വി.ഡി സതീശൻ, വി.കെ ഇബ്രാംഹിംകുഞ്ഞ്, വി.പി സജീന്ദ്രൻ, അൻവർ സാദത്ത്, റോജി എം ജോൺ, എൽദോസ് കുന്നപ്പള്ളി, ടി.യു. കുരുവിള, ഷിബു തെക്കുംപുറം എന്നിവർ വിവിധ സമയങ്ങളിലെത്തി സംസാരിച്ചു.