തൃപ്പൂണിത്തുറ: കൊവിഡ്- 19 നിരീക്ഷണത്തിലിരിക്കെ വീട്ടിൽ പോകണമെന്നാവശ്യപ്പെട്ടു് ആശുപത്രി കെട്ടിടത്തിനു മുകളിൽ കയറി നിന്നു ഭീഷണി മുഴക്കിയ ആസാം സ്വദേശിയായ യുവാവിനെ, ഫയർഫോഴ്സ് എത്തി സാന്ത്വനപ്പെടുത്തി താഴെയിറക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. പുതിയകാവ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആസാം സ്വദേശിയായ യുവാവാണ് ആശുപത്രിയുടെമൂന്നാം നിലയിൽ കയറി നിന്ന് ഭീഷണി മുഴക്കിയത്. ട്രെയിൻ ഓടുന്നുണ്ടെന്നും തന്നെയും വീട്ടിൽ പോകുവാൻ അനുവദിക്കണമെന്നുമായിരുന്നു യുവാവിൻെറ ആവശ്യം.വിവരം അറിഞ്ഞ് തൃപ്പൂണിത്തുറ ഫയർഫോഴ്സ് സ്ഥലത്തെത്തി. ആദ്യഘട്ടത്തിൽ താഴെയിറങ്ങുവാൻ യുവാവ് തയ്യാറായില്ലെങ്കിലും അടുത്ത ദിവസം തന്നെ വീട്ടിൽ പോകുവാൻ അനുവാദം നൽകാമെന്നു പറഞ്ഞതോടെ താഴെ ഇറങ്ങുവാൻ തയ്യാറായി.തുടർന്ന് ഇയാളെ കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയത്.തിരുവനന്തപുരത്തു നിന്നും നാട്ടിലേയ്ക്ക് നടന്നു പോകുമ്പോഴാണ് കഴിഞ്ഞ ദിവസം ഇയാൾ കൊച്ചിയിൽ പൊലീസ് പിടിയിലായത്.തുടർന്നാണ് പുതിയകാവിൽ നീരീക്ഷണത്തിലാക്കിയത്.