കൊച്ചി: ഏകദിനത്തിൽ ട്രിപ്പിൾ സെഞ്ച്വറി! കേൾക്കുമ്പോൾ തന്നെ അന്തം വിട്ട് പോകുമല്ലേ. ക്രിക്കറ്റ് ചരിത്രത്തിൽ ആരും എത്തിപ്പിടിക്കാത്ത ഈ റെക്കോർഡ് മൂന്ന് താരങ്ങൾ നേടുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ പേസറും മലയാളിയുമായ എസ്. ശ്രീശാന്ത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മറ്റൊരു ഇന്ത്യൻ താരമായ കെ.എൽ രാഹുൽ. ഇംഗ്ലീഷ് താരം ബെൻ സ്‌റ്റോക് എന്നിവരാണ് ശ്രീയുടെ പ്രവചനത്തിലെ മിന്നും താരങ്ങൾ.
എന്നാൽ, ശ്രീയുടെ പ്രവചനത്തിൽ ഹിറ്റ് മാൻ രോഹിത് ശർമ്മയ്ക്ക് സ്ഥാനമില്ല. നിലവിൽ മൂന്ന് ഡബിൾ സെഞ്ച്വറിയടക്കം സ്വന്തം പേരിലുള്ള ആളാണ് രോഹിത്. ഏകദിന ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്‌കോറും അദ്ദേഹത്തിന്റെ പേരിൽ തന്നെ. 264 റൺസ് !
ഒരു കാലത്തു ഡബിൾ സെഞ്ച്വറി എന്നത് സ്വപ്‌നം കാണാൻ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല. എന്നാൽ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഈ സ്വപ്‌നം യാഥാർത്ഥ്യമാക്കി ലോകത്തെ വിസ്മയിപ്പിച്ചു. പിന്നീട് വീരേന്ദർ സെവാഗ്, രോഹിത് ശർമ എന്നിവരും ഇന്ത്യക്കു വേണ്ടി ഇരട്ട സെഞ്ച്വറികൾ നേടി.
ഹലോ ആപ്പിലൂടെയാണ് ശ്രീ ഇക്കാര്യം പങ്കുവച്ചത്. നേരത്തെ, ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകനും ക്രിക്കറ്ററുമായ അർജുൻ ടെണ്ടുൽക്കർ ഭാവിയിൽ ദേശീയ ടീമിനു വേണ്ടി കളിക്കുമെന്ന പ്രതീക്ഷയും ശ്രീശാന്ത് പങ്കുവച്ചിരുന്നു. ട്വിറ്ററിലായിരുന്നു ശ്രീ ഇക്കാര്യം കുറിച്ചത്.