
സിഡ്‌നി: ഓസീസിന്റെ മിന്നൽ പേസറാണ് ബ്രേറ്റ് ലീ. സച്ചിനെയടക്കം ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസങ്ങളെ വിക്കറ്റിന് മുന്നിൽ പലവട്ടം കുരുക്കിയിട്ടുണ്ട് ലീ. എന്നാൽ, ഇന്ത്യൻ ടീമിലെ ഒരാളെ പുറത്താക്കാൻ താൻ ഏറെ പാടുപെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു കാലത്ത് ഇന്ത്യൻ ടീമിന്റെ നെടുന്തൂണായിരുന്ന വി.വി.എസ് ലക്ഷ്മണനാണ് ലീയെ വെള്ളം കുടിപ്പിച്ച ബാറ്റ്‌സ്മാൻ. ഇതിന് കാരണവും ലീ പങ്കുവയ്ക്കുന്നുണ്ട്.
അതിമനോഹരമായ ബാറ്റിംഗ് സാങ്കേതികത ലക്ഷ്മണിന്റെ വജ്രായുധം. ഒപ്പം ലാഘവത്തോടെയാണ് അദ്ദേഹം പന്തുകളെ നേരിടാറുള്ളത്. വേഗമോ പന്തിന്റെ ചലനമോ ലക്ഷ്മണിനെ അസ്വസ്ഥതപ്പെടുത്താറില്ല. അതുകൊണ്ട് തന്റെ കാലത്ത് ലക്ഷ്മണിനെ പുറത്താക്കുക അത്ര എളുപ്പമായിരുന്നില്ല. ബ്രെറ്റ് ലീ പറയുന്നു. നോട്ടംകൊണ്ടോ വാക്കുകൊണ്ടോ ലക്ഷ്മണിനെ പ്രകോപിപ്പിക്കുക സാദ്ധ്യമല്ലെന്നും ലീ തുറന്ന് പറഞ്ഞു. അതിവേഗത്തിലെത്തുന്ന പന്തുകൊണ്ടാൽ പരിക്കേൽക്കുമെന്ന വ്യാകുല ചിന്തയൊന്നും ഇദ്ദേഹത്തിനില്ല.
എന്നാൽ, ലക്ഷ്മണിനെതിരെ പന്തെറിയുന്നത് താൻ ആസ്വദിച്ചിരുന്നതായി ലീ പങ്കുവച്ചു. ക്രീസിൽ ഓരോ ബൗളറെയും അളന്നുമുറിച്ച് പഠിക്കും ലക്ഷ്മൺ. ക്ഷമയാണ് ഇദ്ദേഹത്തിന്റെ പ്രധാന ശക്തി. ഓസ്‌ട്രേലിയക്കെതിരെ മികച്ച ട്രാക്ക് റെക്കോർഡുണ്ട് ലക്ഷ്മണിന്. കരിയറിൽ 29 ടെസ്റ്റുകളാണ് ഓസീസിനെതിരെ ലക്ഷ്മൺ കളിച്ചിട്ടുള്ളത്. ആറു സെഞ്ച്വറികളടക്കം 2,434 റൺസ് താരം ശക്തരായ ഓസ്‌ട്രേലിയക്കെതിരെ ലക്ഷ്മൺ കുറിച്ചിട്ടുണ്ട്.