ആലപ്പുഴ: ജില്ലയിലെ അതിഥിത്തൊഴിലാളികള്‍ക്കായി ആദ്യ ട്രെയിന്‍ നാളെ പുറപ്പെടും. രണ്ടാമത്തെ ട്രെയിന്‍ 6 നാണ്.നാളെ ബിഹാറിലേക്കാണ് ആദ്യ ട്രെയിൻ പുറപ്പെടുന്നത്. 6 ന് തീരുമാനിച്ച ട്രെയിൻ ഒഡീഷയിലേക്കാണ് പോകുന്നത്. നിലവിലെ കണക്കനുസരിച്ച് ജില്ലയിൽ 19,000 അതിഥിത്തൊഴിലാളികളുണ്ട്. ഈ പട്ടികയില്‍ നിന്നാണ് മടങ്ങാന്‍ തയാറായ അതിഥിത്തൊഴിലാളികളുടെ പട്ടിക തയാറാക്കുന്നത്. വീട്ടുജോലിക്ക് നില്‍ക്കുന്നവര്‍ ഉള്‍പ്പെടെ പട്ടികയിലുണ്ട്. നോണ്‍ സ്റ്റോപ്പ് ട്രെയിനാണ് പോകുന്നത്.
തൊഴിലാളികളെ അതതു സംസ്ഥാനങ്ങളില്‍ എത്തിക്കുക മാത്രമാണ് ലക്ഷ്യം.പനി ഇല്ലെന്ന് ആരോഗ്യ വകുപ്പ് സാക്ഷ്യപ്പെടുത്തുന്നവരെയാണ് വിടുന്നത്. പേര്, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, ഐഎഫ്എസ്സി അടക്കം കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം ശേഖരിക്കുന്നുണ്ട്. ഓരോ സ്ഥലങ്ങളില്‍നിന്നും കെഎസ്ആര്‍ടിസി ബസിലാണ് ഇവരെ സ്റ്റേഷനിലെത്തിക്കുക. പേര് റജിസ്റ്റര്‍ ചെയ്യാന്‍ തൊഴിലാളികള്‍ എവിടെയും പോകേണ്ടതില്ലെന്നും ക്യാംപുകളില്‍ തന്നെ ഇരുന്നാല്‍ മതിയെന്നും കലക്ടര്‍ എം.അഞ്ജന അറിയിച്ചു.
അതേസമയം, ജില്ലയിൽ മടങ്ങിയെത്തുന്ന വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുടെ ചികിത്സയ്ക്ക് മെഡിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോകോള്‍ തയാറാക്കും.ഈ കാര്യങ്ങൾ തീരുമാനിക്കാനായി കമ്മിറ്റി രൂപീകരിച്ചു.ജില്ലാ മെഡിക്കല്‍ ഓഫിസറാണ് കമ്മിറ്റി അധ്യക്ഷ.പുറത്തു നിന്നെത്തുന്നവരെ ആവശ്യമെങ്കില്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ താമസിപ്പിക്കും.കൂടുതല്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉണ്ടായാല്‍ അവരെ താമസിപ്പിക്കാൻ
മെഡിക്കല്‍ കോളജില്‍ ഐസലേഷന്‍ വാര്‍ഡുകളുടെ ജോലി വേഗം പൂര്‍ത്തിയാക്കും.
വരുന്നവരെ വിശദമായി പരിശോധിക്കും. രോഗ ലക്ഷണം ഉള്ളവരെ കോവിഡ് ആശുപത്രികളിലേക്കും മറ്റുള്ളവരെ നിരീക്ഷണത്തിലുമാക്കും.