covid

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രി ഐസൊലേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അവസാന ബാച്ച് ജീവനക്കാരും നിരീക്ഷണകാലാവധി പൂർത്തിയാക്കി വീടുകളിലേക്ക് മടങ്ങി. ചികിത്സയിലിരുന്ന മുഴുവൻപേരും നിരീക്ഷണത്തിൽ കഴിഞ്ഞവരും വീടുകളിലേക്ക് മടങ്ങിയതിനേത്തുടർന്ന് ദിവസങ്ങളായി ഐസൊലേഷൻ വിഭാഗം ശൂന്യമാണ്.

ഇതുമൂലം പുതുതായി ജീവനക്കാരെ നിയോഗിച്ചിട്ടുമില്ല.രണ്ട് ഡോക്ടർമാർ, 11 സ്റ്റാഫ് നഴ്‌സുമാർ, എട്ട് അറ്റൻഡർമാർ എന്നിങ്ങനെ 21 പേരാണ് അവസാനബാച്ചിലുണ്ടായിരുന്നത്.ഐസൊലേഷൻ വിഭാഗത്തിൽ ജോലി പൂർത്തിയാക്കി 14 ദിവസം മെഡിക്കൽ കോളേജിൽ പ്രത്യേകമുറിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞശേഷമായിരുന്നു ഇവരുടെ മടക്കം. ചികിത്സയിലിരുന്ന മൂന്നുപേരിൽ ഒരാൾ കഴിഞ്ഞമാസം 17നും മറ്റ് രണ്ടുപേർ 20നുമാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. ഇതിന്റെ പിന്നാലെ നിരീക്ഷണത്തിൽ കഴിഞ്ഞ നാലുപേരും ആശുപത്രി വിട്ടു.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിൽ ഒരാൾക്കു പോലും കൊവിഡ് സ്ഥിരീകരിക്കാത്തതിനെ തുടർന്ന് ആലപ്പുഴ ജില്ലയെ സർക്കാർ ഗ്രീൻ സോണിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഓറഞ്ച് സോണിലായിരുന്നു ആലപ്പുഴ. ഗ്രീൻ സോണിലായെങ്കിലും ആരോഗ്യ നിരീക്ഷണവും ജാഗ്രതയും തുടരുകയാണ്. പ്രായമായവർ, ഗുരുതര രോഗങ്ങൾ ബാധിച്ചവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർക്കു കൊറോണ വൈറസ് വ്യാപന സാദ്ധ്യത കൂടുതലായതിനാൽ അവർക്കു പ്രത്യേക ശ്രദ്ധ വേണ്ടിവരും.

അയൽ ജില്ലയായ കോട്ടയം റെഡ് സോണിലായതും കൊല്ലം, ആലപ്പുഴ അതിർത്തിയിലെ ഓച്ചിറ പഞ്ചായത്ത് ഹോട്ട് സ്‌പോട്ടായതുമാണ് ആലപ്പുഴയ്ക്കുള്ള വെല്ലുവിളി. കോട്ടയം, കൊല്ലം അതിർത്തികളിൽ നിയന്ത്രണം കർശനമായി തുടരുകയാണ്.ലോക്ഡൗൺ നീട്ടിയതെത്തുടർന്ന് അപ്പർകുട്ടനാട്ടിൽ പരിശോധന ശക്തമാക്കി.പൊലീസ് പട്രോളിംഗും ശക്തമാക്കി. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകുന്ന വിവരം അനുസരിച്ച് അനധികൃത വ്യാജവാറ്റു സംഘങ്ങളെ പിടി കൂടുന്നതിനും പൊലീസിനു കഴിഞ്ഞിട്ടുണ്ട്.