വിജയവാഡ: ആന്ധ്രാ പ്രദേശിൽ കൊവിഡ് 19 മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യവകുപ്പ്. മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയത്. ഒരു രോഗിയെ ആശുപത്രിയിലേക്ക് മാറ്റുമ്പോഴോ, റെഡ് സോണിലോ മരണം സംഭവിക്കുകയാണെങ്കിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടത്താൻ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശം നൽകി.
കൊവിഡ് രോഗിയുടെയോ, രോഗിയെന്ന് സംശയിക്കുന്ന ആളുടെയോ മരണം സംഭവിക്കുകയാണെങ്കിൽ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കാതെ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം സംസ്കരിക്കണം. അണുവിമുക്തമാക്കിയ ശേഷം വേണം മൃതദേഹം അടക്കം ചെയ്യാൻ
റെഡ് സോണിൽ ഏതെങ്കിലും തരത്തിലുള്ള ചികിത്സയ്‌ക്കായി ആശുപത്രിയിലെത്തുന്നതിനിടയിൽ രോഗി മരിക്കുകയാണെങ്കിൽ (അപകടം, ആത്മഹത്യ, രോഗം നിർണ്ണയിക്കപ്പെടാത്തവ ഉൾപ്പെടെ) ശരീരസ്രവങ്ങൾ ശേഖരിച്ച ശേഷം പരിശോധന ഫലങ്ങൾക്കായി കാത്തിരിക്കാതെ, ശരീരം അണുവിമുക്തമാക്കുകയും മുദ്രയിട്ട് നീക്കം ചെയ്യണം. ഫലം പോസിറ്റീവ് ആണെങ്കിൽ, കോൺടാക്റ്റ് ട്രെയ്‌സിംഗ് നടത്തുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും വേണം. നെഗറ്റീവ് ആണെങ്കിൽ ഒരു നടപടിയും ആവശ്യമില്ലെന്ന് ഉത്തരവിൽ പറയുന്നു. ഗ്രീൻ സോണിൽ മരണം സംഭവിക്കുകയാണെങ്കിൽ, പതിവ് പ്രകാരം ശരീരം സംസ്കരിക്കാൻ കഴിയും.