accident

ഭുവേനശ്വർ: ലോക്ക് ഡൗണിൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളുമായി സൂറത്തിൽ നിന്നും ഗുജറാത്തിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് രണ്ട് മരണം. ഒഡീഷയിലെ ഗഞ്ചം കന്ദമാൽ അതിർത്തിയിലെ കലിംഗ ഘട്ടിനടത്താണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

റോഡരികിലെ ബാരിക്കേഡിൽ ഇടിച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തകർ ഉടൻ സംഭവ സ്ഥലത്തെത്തിയെങ്കിലും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

24 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. ഏപ്രിൽ 30ന് പുറപ്പെട്ട ബസിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 57 അന്യ സംസ്ഥാന തൊഴിലാളികൾ ഉണ്ടായിരുന്നു. നേരത്തെ 50 അന്യ സംസ്ഥാന തൊഴിലാളികളുമായി സൂറത്തിൽ നിന്നും ഒഡീഷയിലേക്കു പോയ ബസ് അപകടത്തിൽപ്പെട്ടിരുന്നു. നാഗ്പൂർ അമരാവതി ദേശീയ ഹൈവേയിൽ വച്ച് കീഴ്‌മേൽ മറിയുകയായിരുന്നു. സൂറത്തിൽ നിന്നും ഒഡീഷയിലേക്കു പോകുകയായിരുന്ന മറ്റൊരു ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.