നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്തിൽ ഭരണകക്ഷി ചേരിപ്പോരിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ സി.പി.എം ഭീഷണിയെന്ന് ആക്ഷേപം. പഞ്ചായത്തിൽ താത്കാലിക ഡ്രൈവറെ നിയോഗിച്ചതുമായി ബന്ധപ്പെട്ട് അസി. സെക്രട്ടറിയെ സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
കരാർ അടിസ്ഥാനത്തിൽ ഡൈവറായിരുന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ചേരിപ്പോരിനെ തുടർന്ന് മാസങ്ങൾക്ക് നീക്കിയിരുന്നു. പകരം ആളെ നിയമിച്ചിരുന്നില്ല. കൊറോണ കാലഘട്ടത്തിൽ വാഹനം ഓടിക്കാൻ രണ്ട് സന്നദ്ധ പ്രവർത്തകരെ ഏർപ്പാടാക്കി. രണ്ട് ആഴ്ച വിതം വാഹനം ഓടിക്കാനായിരുന്നു നിർദേശം. ആദ്യം വാഹനം ഓടിച്ചയാളുടെ കാലാവധി കഴിഞ്ഞതിനാൾ കഴിഞ്ഞദിവസം രണ്ടാമനെ നിയമിച്ചു. ഇതിന്റെ പേരിലായിരുന്നു ഭീഷണി.
സി.പി.എം നേതാക്കളുടെ ഭീഷണിയെത്തുടർന്ന് സ്വതന്ത്രമായി ജോലി ചെയ്യാനാകാതെ ഒരു വർഷത്തിൽ നാല് പഞ്ചായത്ത് സെക്രട്ടറിമാർ ഇവിടെ നിന്നും സ്ഥലംമാറ്റം വാങ്ങിപ്പോയെന്ന് ബി.ജെ.പി ആരോപിക്കുന്നു. ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സി.പി.എം നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ പാറക്കടവ് ആവശ്യപ്പെട്ടു.