കൊച്ചി: ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസുകാരി ആദ്യരോഗി. കതൃക്കടവ് സ്വദേശിയായ 23 കാരൻ വിഷ്ണു അവസാന പേരുകാരൻ. ഇവർക്കിടെ 7 വിദേശികളുൾപ്പെടെ 25 രോഗികൾ.
53 ദിനങ്ങളും അത്രതന്നെ രാത്രികളും നീണ്ട പോരാട്ടം. ഒടുവിൽ ജില്ല കൊവിഡ് വിമുക്തമെന്ന് പച്ചക്കൊടി കാട്ടുമ്പോൾ കളമശേരിയിലുള്ള എറണാകുളം മെഡിക്കൽ കോളേജ് അഭിമാനത്തിന്റെ നെറുകയിലാണ്. നേട്ടത്തിനായി പിന്നിട്ട പ്രതിബന്ധങ്ങൾ, വരാനിരിക്കുന്ന നാളുകളുടെ ആശങ്കകൾ, പ്രതീക്ഷകളെല്ലാം പങ്കുവയ്ക്കുകയാണ് നായകത്വം വഹിച്ച പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം തലവൻ ഡോ. ഫത്താഹുദ്ദീൻ, കൊവിഡിനെതിരായ പോരാട്ടത്തിൽ ജില്ലയുടെ നോഡൽ ഓഫീസർ.
പ്രതിബന്ധങ്ങൾ പലത്
സാക്ഷിയായത് വിദൂര സങ്കല്പങ്ങളിൽ പോലുമില്ലാത്ത കാര്യങ്ങൾക്ക്. രോഗം ബാധിക്കാതിരിക്കുക, രോഗിയെ തിരികെ ജീവിതത്തിലേക്ക് എത്തിക്കുക എന്നിവയായിരുന്നു ആദ്യലക്ഷ്യങ്ങൾ. ഡോക്ടർമാർ, നഴ്സുമാർ, ക്ളീനിംഗ് സ്റ്റാഫ് തുടങ്ങിയവരെ ഓരോ നാലു മണിക്കൂറിലും സജ്ജമാക്കേണ്ടതായിരുന്നു വലിയ വെല്ലുവിളി. കൊവിഡ് രോഗികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴും നൂറോളം മറ്റു രോഗികളുടെ ആരോഗ്യവും പ്രധാനമായിരുന്നു.
ബ്രയാൻ എക്സ്പീരിയൻസ്
രക്ഷപ്പെടുമോയെന്ന് ഡോക്ടർമാർക്കുൾപ്പെടെ സംശയമുണ്ടായിരുന്ന രോഗിയായിരുന്നു ബ്രിട്ടീഷ് പൗരൻ ബ്രയാൻ നീൽ. അദ്ദേഹത്തിന് വേണ്ടി സിനിമാ ഡയലോഗ് പോലെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ പോകേണ്ടിവന്നു. പുതിയ ചികിത്സാരീതിക്ക് തുടക്കമിട്ടു. തീരുമാനം പെട്ടെന്നെടുത്തതായിരുന്നു. വിജയിച്ചപ്പോൾ മറ്റ് അഞ്ചു രോഗികൾക്കും ഇതേ ചികിത്സ നടത്തി. എൻ.ഐ.വി രീതി മറ്റു സംസ്ഥാനങ്ങളും പിന്തുടർന്നു. ചുള്ളിക്കൽ സ്വദേശിയുടെ മരണം ദു:ഖകരമായെങ്കിലും തളർന്നില്ല.
കൂട്ടായ പരിശ്രമം
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, ആർ.എം.ഒ ഡോ. ഗണേഷ് മോഹൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.പീറ്റർ. പി. വാഴയിൽ, ഡോ. മനോജ് ആന്റണി, ഡോ. പ്രവീൺ, ഡോ. നിഖിലേഷ് മേനോൻ, ഡോ. ജേക്കബ് കെ. ജേക്കബ്, ഡോ. ഗീതനായർ തുടങ്ങിയവരെല്ലാം മെഡിക്കൽ കോളേജിന്റെ നട്ടെല്ലായി. രോഗികൾക്ക് മികച്ച പരിചരണം നൽകിയ നഴ്സുമാരും ശുചിത്വം ഉറപ്പാക്കിയ ക്ലീനിംഗ് ജീവനക്കാരുൾപ്പെടെ എല്ലാവരും വിജയത്തിന്റെ അവകാശികളാണ്.
ഗ്രീൻ സോണിലാണെങ്കിലും അടുത്ത ഒരു കൊവിഡ് രോഗിയുണ്ടെന്ന് അറിഞ്ഞാൽ എറണാകുളം മെഡിക്കൽ കോളേജ് ഒരു മണിക്കൂറിനുള്ളിൽ പൂർണസജ്ജമാകും, പോരാളികളും!