ദുബായ്: ആദ്യം നിർബന്ധിച്ചു. പിന്നെ, ഭീഷണിയായി. രക്ഷയില്ലെന്നായപ്പോൾ ജീവൻ രക്ഷിക്കാൻ നാടുവിടേണ്ടി വന്നു. പാക്ക് മുൻ ഉമർ അക്മലിന്റെ നേതൃത്വത്തിൽ തന്നെ ഒത്തുകളിക്കാൻ പ്രേരിപ്പിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സഹതാരം സുൽഖർനെയ്ൻ ഹൈദർ രംഗത്ത്. ഉമർ അക്മലിനെ ബോർഡ് മൂന്ന് വർഷത്തേക്ക് വിലക്കിയതിന് പിന്നാലെയാണ് ഹൈദർ പാക് ക്രിക്കറ്റിനെ പിടിച്ച് കുലുക്കുന്ന വെടിപൊട്ടിച്ചിരിക്കുന്നത്. 2010ൽ ദുബായിൽ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയ്ക്കിടെയായിരുന്നു സംഭവമെന്നാണ് ഹൈദർ പറയുന്നത്.
ഒരു മത്സരം തോറ്റു കൊടുക്കാനായിരുന്നു ഉമറിന്റെ നിർദ്ദേശം. എന്നാൽ, നിങ്ങളുടെ ജോലിയിൽ ശ്രദ്ധിക്കുകയാണ് വേണ്ടതെന്ന് താൻ മറുപടി നൽകി. ഇതിന് പിന്നാലെ ചിലർ ഭീഷണി സന്ദേശങ്ങൾ അയച്ചുതുടങ്ങി. ഇതോടെ മാനസിക പിരിമുറുക്കത്തിലായി. പിന്നെ, ആരെയും അറിയിക്കാതെ ലണ്ടനിലേക്ക് പോകേണ്ടവന്നെന്ന് ഹൈദർ വെളിപ്പെടുത്തിയിരിക്കുന്നത്. 2010 നവംബറിൽ നടന്ന ഈ സംഭവത്തിനുശേഷം ഹൈദറിന് പാക് ടീമിൽ ഇടം കിട്ടിയിട്ടില്ല.
ഉമർ അക്മലിനെ മൂന്ന് വർഷം വിലക്കിയാൽ മാത്രം പോര, ആജീവനാന്ത വിലക്കാണ് നൽകേണ്ടതെന്നാണ് ഹൈദർ പറയുന്നത്. സ്വത്തുക്കൾ കണ്ടുകെട്ടണം. കമ്രാൻ അക്മലിന് പകരമായി പാക് ടീമിലെത്തിയ വിക്കറ്റ് കീപ്പറായിരുന്നു ഹൈദർ. ലണ്ടനിലേക്ക് രക്ഷപ്പെട്ട താരം 2011ൽ ലോഹോറിൽ തിരിച്ചെത്തിയിരുന്നു. പിന്നീട് ക്രിക്കറ്റ് കരിയർ തിരിച്ചുപിടിക്കാനായില്ല. താരത്തിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് ടീം മാനേജറായിരുന്ന ഇൻതിഖാബ് ആലം അന്ന് പറഞ്ഞത്. ഒത്തുകളിക്കായി വാതുവെപ്പുകാർ സമീപിച്ച വിവരം അഴിമതി വിരുദ്ധ സമിതിയെ അറിയിച്ചില്ലെന്ന കാരണത്തിൽ കഴിഞ്ഞ ആഴചയാണ് ഉമറിനെ പി.സി.ബി വിലക്കിയത്.