മൂവാറ്റുപുഴ: കൊവിഡ്-19 നെ അതിജീവിയ്ക്കുന്നതിനും സമൂഹത്തിന് ഭക്ഷ്യ സുരക്ഷയൊരുക്കുന്നതിനും കരുതൽ വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം ഉൾകൊണ്ട് സി.പി.എം മൂവാറ്റുപുഴ ഏരിയയിലെ ലോക്കൽ കമ്മിറ്റികളുടേയും ബ്രാഞ്ചുകളുടേയും നേതൃത്വത്തിൽ കിഴങ്ങു വർഗങ്ങളുടെ കൃഷിക്ക് തുടക്കമായി. മുമ്പ് ആരംഭിച്ച പച്ചക്കറികൃഷിക്കു പുറമെ കപ്പ, ചേന,കാച്ചിൽ, ചേമ്പ്, തുടങ്ങിയ കിഴങ്ങ് വർഗങ്ങളുടെ കൃഷിയാണ് ഇപ്പോൾ തുടങ്ങിയത്. സി.പി.എം മൂവാറ്റുപുഴ സൗത്ത് ലോക്കൽ അതിർത്തിയായ ചാലിക്കടവിൽ ആത്രശേരിക്കാരുടെ വകയായ മൂന്ന് ഏക്കർ സ്ഥലത്ത് നടത്തുന്ന കപ്പ കൃഷിയുടെ ഉദ്ഘാടനം കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി എം ആർ പ്രഭാകരൻ, ലോക്കൽ സെക്രട്ടറി സജി ജോർജ്, ശിവദാസൻ നമ്പൂതിരി, സി എം സീതി, പി വി രാജു, എൻ കെ രാജൻ എന്നിവർ പങ്കെടുത്തു.