കൊച്ചി: യു.എ.ഇ ആസ്ഥാനമായ മലയാളി വ്യവസായി അദീബ് അഹമ്മദിനെ കൊച്ചി ബിനാലെ ഫൗണ്ടേഷൻ ബോർഡിലെ ട്രസ്റ്റിയായി നിയമിച്ചു. ബിനാലെ ആരംഭിക്കാൻ ഏഴ് മാസം ബാക്കിനിൽക്കെയാണ് പുതിയ നിയമനം.
അബുദാബിയിലെ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്, ടേബിൾസ്, ട്വന്റിഫോർ ഹോൾഡിംഗ്‌സ് എന്നിവയുടെ മേധാവിയാണ് തൃശൂർ സ്വദേശിയായ അദീബ്.
ആഗോള വ്യവസായിയുടെ ആശയങ്ങളും അനുഭവസമ്പത്തുമാണ് അദീബിന്റെ വരവോടെ ലഭിക്കുന്നതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. സാംസ്‌ക്കാരിക മേഖലയിൽ യുവ വ്യവസായികൾ എത്തേണ്ടത് പ്രധാനമാണ്.
കേരളത്തിന്റെ സാംസ്‌ക്കാരിക അംബാസിഡറാണ് കൊച്ചി ബിനാലെയെന്ന് അദീബ് അഹമ്മദ് പറഞ്ഞു. കലയ്ക്കു പുറമെ സേവന മേഖലയിലും ബിനാലെ അവസരങ്ങൾ സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
വേൾഡ് എക്കണോമിക് ഫോറത്തിന്റെ ഇന്ത്യൻ സമിതിയായ സൗത്ത് ഏഷ്യ റിജ്യണൽ സ്ട്രാറ്റജിയുടെ ഉപദേശക സമിതി അംഗവുമാണ് അദീബ് അഹമ്മദ്. 14 രാജ്യങ്ങളിൽ സംരംഭങ്ങളുള്ള അദ്ദേഹം യു.എ.ഇയിലെ 100 പ്രമുഖ ഇന്ത്യാക്കാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
കൊവിഡ് മറികടക്കാൻ
കൊവിഡ് കാലത്തെ മറികടക്കാൻ ബിനാലെ പോലൊരു അന്താരാഷ്ട്ര സംഗമം ആവശ്യമാണ്. സഞ്ചാര സമ്പദ് വ്യവസ്ഥയെ ബിനാലെ തിരികെ കൊണ്ടുവരും.
അദീബ് അഹമ്മദ്
കൊവിഡ് പശ്ചാത്തലത്തിൽ ആഗോള സാമ്പത്തികാവസ്ഥ തകിടം മറിക്കുന്ന കാലത്തെ കലയുടെ പങ്കാവും ഇക്കുറി ബിനാലെ വിശകലനം ചെയ്യുക.
ബോസ് കൃഷ്ണമാചാരി