പള്ളുരുത്തി: കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ കുമ്പളങ്ങി ഗ്രാമപഞ്ചായത്തിൽ സഞ്ചരിക്കുന്ന ഗ്രന്ഥശാലക്ക് തുടക്കം കുറിച്ചു.പതിനാറാം വാർഡ്അംഗം ജോബി പനക്കലിന്റെ നേതൃത്വത്തിലാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്. ഗ്രന്ഥകർത്താക്കൾ, പുസ്തകങ്ങൾ തുടങ്ങിയ ലിസ്റ്റുകൾ നിർമ്മിച്ച് ഓരോ വീടുകളിലും എത്തിക്കും. തുടർന്ന് വായനക്കാരുടെ ആവശ്യപ്രകാരം പുസ്തകം സൗജന്യമായി വീടുകളിൽ എത്തിച്ച് കൊടുക്കും. വീട്ടമ്മ സ്വപ്ന രാജേന്ദ്രന് ആദ്യ ബുക്ക് നൽകി സമത ജോർജ് ഉദ്ഘാടനം നിർവഹിച്ചു.ഇതിനായി വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച റീഡിംഗ് ബോക്സുകൾ ഇപ്പോഴും സജീവമാണ്. നാടിന്റെ വായനയെ വിലയിരുത്തി ഗ്രന്ഥശാലയെ വികസിപ്പിച്ചെടുക്കുമെന്ന് മെമ്പർ ജോബി പറഞ്ഞു.